തൃശ്ശൂർ: നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പേജിനെതിരെ പൊലീസിൽ പരാതി. കുന്ദമംഗലം മുൻ എംഎൽഎ യുസി രാമൻ ആണ് തൃശ്ശൂർ പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കിയത്. പരാതിയിൽ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുമെന്ന് പൊലീസ് കമ്മീഷണർ വ്യക്തമാക്കിയതായി യുസി രാമൻ ഓണ്‍ലൈനിനോട് പറഞ്ഞു.
അയ്യങ്കാളിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുക വഴി നാട്ടിൽ കലാപങ്ങൾ ഉണ്ടാക്കാനും രാജ്യത്തെ അസ്ഥിരപ്പെടുത്താനുമുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്ന് മുൻ എംഎൽഎ ആരോപിച്ചു. കുകുച എന്ന പേരിൽ തുടങ്ങിയ ഗ്രൂപ്പിൽ ഈ പോസ്റ്റ് ഇട്ടത് ആരാണെന്ന് കണ്ടെത്തി രാജ്യത്തെ നിയമം അനുശാസിക്കുന്ന എല്ലാ നടപടിയും സ്വീകരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന ആഭ്യന്തര വകുപ്പുകളോടും സൈബർ സെല്ലിനോടും അഭ്യർത്ഥിക്കുന്നുവെന്ന് യുസി രാമൻ പറഞ്ഞു. പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്കായി മരണം വരെ പോരാടിയ നേതാവാണ് അയ്യങ്കാളി. അദ്ദേഹത്തിന്‍റെ ചിത്രം മോർഫ് ചെയ്ത് അപകീർത്തികരമായി പ്രചരിപ്പിക്കുകയാണ് ‘കുകുച’ എന്ന പേസ്ബുക്ക് പേജ് വഴി ചെയ്തിരിക്കുന്നത്. കോബ്ര കൈ എന്ന ഐഡിയിൽ നിന്നാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മരണപ്പെട്ടുപോയ ഒരു സാമൂഹിക നവോഥാന നായകനെതിരെ ഇത്തരമൊരു പോസ്റ്റിട്ടത് മുഴുവൻ സമുദായത്തേയും ഒരു ജനവിഭാഗത്തെയും അവഹേളിക്കുകയും അപമാനിക്കുകയും മതവികാരത്തെ വൃണപ്പെടുത്തുന്നതുമാണ്- പരാതിയിൽ പറയുന്നു.
ഈ പോസ്റ്റ് ഫേസ്ബുക്കിൽ ഇട്ട ആള്‍ക്കെതിരെയും ഇത്തരമൊരു പോസ്റ്റ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ അനുമതി നല്‍കിയ ഗ്രൂപ്പ് അഡ്മിനെതിരെയും പോസ്റ്റിന് പിന്തുണ നല്‍കി ലൈക്കും ഷെയറും നല്‍കിയവർക്കെരെയും കേസെടുക്കണമെന്നും യുസി രാമൻ നല്‍കിയ പരാതിയിൽ ആവശ്യപ്പെട്ടു. സമാനമായ നിരവധി പോസ്റ്റുകളും ചിത്രങ്ങളും ‘കുകുച’ ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവയെപ്പറ്റിയും അന്വേഷിക്കണമെന്ന് യുസി രാമൻ ആവശ്യപ്പെട്ടു.