കോഴിക്കോട് : കോഴിക്കോട്ടെ മോഡൽ ഷഹാനയുടേത് ആത്മഹത്യ തന്നെയെന്ന പ്രാഥമിക നിഗമനത്തിൽ അന്വേഷണ സംഘം. തൂങ്ങിമരണത്തിനുളള സാധ്യതകളാണ് ശാസ്ത്രീയ പരിശോധനയിലും തെളിഞ്ഞതെന്നും സ്ഥിരീകരണത്തിന് ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു.
ഷഹാനയുടെത് ആത്മഹത്യയെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ഭർത്താവ് സജാദിനെതിരെ ആരോപണങ്ങളുമായി ഷഹാനയുടെ കുടുംബാംഗങ്ങൾ രംഗത്തെത്തിയതോടെയാണ് പൊലീസ് ശാസ്ത്രീയ പരിശോധന നടത്തിയത്. കോഴിക്കോട് പറമ്പിൽ ബസാറിലെ വീട്ടിൽ ഇന്ന് ഫോറൻസിക് വിദഗ്ധരെത്തി തെളിവെടുപ്പും പരിശോധനയും നടത്തി. കയറുപയോഗിച്ചുതന്നെയാണ് തൂങ്ങിമരിച്ചതെന്നാണ് ഫോറൻസിക് സംഘത്തിന്റെ നിഗമനം. മരണം ആത്മഹത്യയാണോ എന്നത് അന്തിമമായി സ്ഥിരീകരിക്കാൻ രാസപരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ട്.