കാസര്‍കോട്: കാസർകോട് കുമ്പളയിൽ അനധികൃതമായി മണലെടുക്കുന്ന ഏഴ് കടവുകൾ പൊലീസ് തകർത്തു. എട്ട് തോണികൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഷിരിയ പുഴയിലെ വിവിധയിടങ്ങളിൽ അനധികൃതമായി മണലെടുക്കുന്ന കടവുകളാണ് പൊലീസ് തകർത്തത്. ഒളയം, ബംബ്രാണ എന്നിവിടങ്ങളിലെ ഏഴ് കടവുകളാണ് തകർത്തത്. കാസർകോട് ഡിവൈഎസ്പി പി കെ സുധാകരന്‍റെ നേതൃത്വത്തിലായിരുന്നു നടപടി.
മണൽ കടത്തിന് ഉപയോഗിക്കുന്ന എട്ട് തോണികൾ പിടിച്ചെടുത്ത് ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കി. വെള്ളത്തിനടിയിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു തോണികൾ. ഷിരിയ പുഴയിൽ നിരവധി അനധികൃത കടവുകൾ പ്രവർത്തിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. രാത്രി എട്ട് മുതൽ പുലർച്ചെ വരെയാണു പുഴകളിൽ നിന്ന് മണലെടുക്കുന്നത്. പുഴയോരത്തേക്ക് അനധികൃതമായി റോഡ് നിർമ്മിച്ചാണ് ഇങ്ങനെ എടുക്കുന്ന മണൽ കടത്തുന്നത്.
രാത്രി തന്നെയാണ് മണൽ കടത്തും. ഇങ്ങനെ പോകുന്ന ടിപ്പർ ലോറികൾ പലതരത്തിലുള്ള അപകടങ്ങൾ ഉണ്ടാക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. അനധികൃത കടവുകൾക്കെതിരെയും മണൽ കടത്തിനെതിരെയും നടപടി ശക്തമാക്കാനാണ് പൊലീസിന്‍റെ തീരുമാനം.