കണ്ണൂര്‍: കണ്ണൂരിൽ ആഢംബര വിവാഹത്തിന് പൊലീസ് കാവൽ നൽകിയ സംഭവത്തില്‍ അഡീഷണൽ എസ്പി പി പി സദാനന്ദന്‍റെ ഓഫീസിലെ മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി. സെക്ഷൻ ക്ലർക്ക്, ജൂനിയർ സൂപ്രണ്ട്, ഓഫീസിലെ പൊലീസുകാരൻ എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പ്രധാനപ്പെട്ട രേഖ അഡീ. എസ് പിയുടെ ശ്രദ്ധയിൽപ്പെടുത്താതെ കമ്പ്യൂട്ടർ വഴി ഒപ്പ് രേഖപ്പെടുത്തിയതിനാണ് നോട്ടീസ് നല്‍കിയത്. അഡീഷണൽ എസ് പിയുടെ അറിവില്ലാതെ അദ്ദേഹത്തിൻ്റെ പേരിൽ ഉത്തരവ് നൽകിയതിന്‍റെ കാരണം വ്യക്തമാക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കല്ല്യാണ വീട്ടിൽ പൊലീസ്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചത് തൻ്റെ അറിവോടെയല്ലെന്നാണ് അഡീഷണൽ എസ് പിയുടെ വാദം.
കണ്ണൂർ പാനൂരിൽ കല്യാണത്തിന് പൊലീസുകാരെ വാടകയ്ക്ക് നൽകിയതിനെതിരെ സേനയിൽ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രവാസി വ്യവസായിയുടെ മകളുടെ വിവാഹത്തിനാണ് കണ്ണൂർ എ ആർ ക്യാമ്പിലെ നാല് പൊലീസുകാരെ വിട്ട് നൽകിയ കണ്ണൂർ അഡീഷണൽ സൂപ്രണ്ടിന്‍റെ ഉത്തരവാണ് വിവാദമായത്. പൊലീസിനെ ആഢംബര വേദികളിൽ പ്രദർശന വസ്തുവാക്കി മാറ്റരുതെന്നാണ് പൊലീസ് ഓഫീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച പൊലീസ് സംഘടന മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.
കണ്ണൂർ പാനൂലിലെ പ്രവാസി വ്യവസായിയും ജ്വല്ലറി ഉടമയുമായ വ്യക്തതിയുടെ മകളുടെ വിവാഹത്തിനാണ് നാല് പൊലീസുകാരെ വിട്ട് നൽകിയത്. ജൂലൈ 31 നടന്ന നടന്ന കല്യാണത്തിന് രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് പൊലീസുകാരെ വിട്ട് നൽകിയത്. ഒരു പൊലീസുകാരന് 1400 രൂപ വീതം വാങ്ങിയാണ് പ്രവാസി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ വിട്ട് നൽകിയത്. ബാങ്കുകളിലേക്ക് പണം കൊണ്ടുപോകുന്നതിനും, ഉത്സവം- സമ്മേളനം തുടങ്ങി നിരവധി പേർ ചേരുന്ന ചടങ്ങുകള്‍ക്ക് പൊലീസിന്‍റെ സേവനം വിട്ട് നൽകുമ്പോള്‍ സംഘാടകരിൽ നിന്നും പണമീടാക്കണമെന്ന് ഡിജിപിയുടെ സർക്കുവലറുണ്ട്. ഈ സർക്കുലർ മറയാക്കിയാണ് ഒരു വ്യക്തിയുടെ മകളുടെ വിവാഹ ചടങ്ങിന് പൊലീസുകാരെ വിട്ട് നൽകി അഡീഷണൽ എസ് പി പി പി സദാനന്ദൻ ഉത്തരവിറക്കിയത്. പൊലീസ് ആക്ടിന് വിരുദ്ധമായ തീരുമാനിത്തിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അതൃപ്തി പരസ്യമാക്കി പൊലീസ് ഓഫീസ് അസോസിയേഷൻ ഫേസ്ബുക്കിൽ വിർശിച്ചുകൊണ്ട് പോസ്റ്റിട്ടത്.
ചില വ്യക്തികളുടെ ആഢംബരം തെളിയിക്കാൻ പൊലീസിനെ ദുരുപയോഗം ചെയ്യരുതെന്ന് സി ആർ ബിജു വിമർശിച്ചു. ആഢംബര വിവാഹത്തിനോ കുഞ്ഞിന്‍റെ നൂലുകെട്ടിനോ ഉപയോഗിക്കണ്ടവല്ല പൊലീസെന്നും ചട്ടവിരുദ്ധമായ ഈ ഉത്തരവ് ചില അൽപ്പൻമാർ ഇനിയും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും പോസ്റ്റിൽ പറയുന്നു. കണ്ണൂർ പൊലീസിന്‍റെ നടപടി വിവാദമായ സാഹചര്യത്തിൽ പൊലീസ് സേവനങ്ങള്‍ക്ക് പണനടക്കണമെന്ന സർക്കുലറിൽ വ്യക്തത വരുത്തി ഡിജിപി പുതിയ ഉത്തരവിറക്കും. അതേസമയം, പൊലീസുകാരെ സ്വകാര്യ ചടങ്ങിന് വിട്ടുകൊടുത്ത ഉത്തരവിനെ കുറിച്ച് പരിശോധിച്ചുവരുകയാണെന്ന് മാത്രമാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പ്രതികരിച്ചത്.