തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന് പൊലീസിന്റെ എഫ്ഐആറിൽ പരാമർശം. ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ വൃണപ്പെടുത്തി ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് പൂരം കലക്കലുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ പ്രധാന പരാമർശം. എന്നാൽ ആരെയും കേസിൽ പ്രതി ചേർത്തിട്ടില്ല.
മലപ്പുറം സൈബർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഐ സി ചിത്തിരഞ്ജനാണ് പരാതിക്കാരൻ. പൂരം അലങ്കോലമാക്കിയത് അന്വേഷിക്കുന്ന എഡിജിപി വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനാണ് ചിത്തിരഞ്ജൻ. പരാതിയുടെ ഉറവിടം ഉന്നത ഉദ്യോഗസ്ഥരുടെ കത്തുകളാണെന്നും എഫ്ഐആറിലുണ്ട്. എഫ് ഐ ആറിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
തൃശൂർ പൂരം അലങ്കോലപ്പെട്ടതിലെ വിവാദങ്ങൾക്കിടെയാണ് ഒടുവിൽ പൊലീസ് കേസെടുത്തത്. ഈ മാസം മൂന്നിനാണ് പൂരം കലക്കലിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. ഒൻപത് ദിവസം കഴിഞ്ഞ് പ്രത്യേക സംഘം രൂപീകരിച്ചു. പക്ഷെ പ്രത്യേക സംഘത്തെ കേസെടുക്കാനോ അന്വേഷണവുമായി മുന്നോട്ട് പോകാനോ കഴിഞ്ഞില്ല. തിരുവമ്പാടി ദേവസ്വത്തെ സംശയ നിഴലിലാക്കുന്ന റിപ്പോർട്ടാണ് എഡിജിപി എംആർ അജിത് കുമാർ നൽകിയത്.