കൊല്ലം : ചാത്തന്നൂരിൽ അമ്മയെ ക്രൂരമായി ദേഹോപദ്രവമേൽപ്പിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ പണം ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. ചാത്തന്നൂർ ഇടനാട് കോഷ്ണക്കാവ് സ്വദേശി സിജുവിനെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടർന്ന് ആറു വയസുള്ള തന്റെ മകനും സ്വന്തം അമ്മയ്ക്കും ഒപ്പമാണ് കഴിഞ്ഞ ഒരു വർഷമായി സിജുവിന്റെ താമസം. മേസ്തിരിപ്പണിക്കാരനായ സിജു സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി അമ്മയോട് വഴക്കുണ്ടാക്കുമായിരുന്നു.
ജോലിയില്ലാത്ത ദിവസങ്ങളിൽ അമ്മയോട് പണം ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് ഇടപെട്ട് ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തിൽ എത്തിച്ചു. എന്നാൽ അവിടെ നിന്നും തിരിച്ചെത്തിയ സിജു വീണ്ടും മദ്യപാനം തുടങ്ങുകയും അമ്മയെ വീണ്ടും ആക്രമിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം അമ്മയെ അടിച്ച് താഴെയിടുകയും തറയിലിട്ട് വലിച്ചിഴക്കുകയും ചവിട്ടുകയും മാരകമായിചവിട്ടുകയും ചെയ്തു. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ അമ്മ ഓടി പോലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെടുകയായിരുന്നു. തുടർന്നാണ് പോലീസ് സിജുവിനെ അറസ്റ്റ് ചെയ്ത് വധശ്രമത്തിന് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.