തിരുവനന്തപുരം: കഴക്കൂട്ടത്ത് ബാറിലെ സംഘർഷം ഒന്നാംപ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. ചിറയിൻകീഴ് സ്വദേശിയും കൊലക്കേസ് പ്രതിയുമായ അഭിജിത്താണ് (ശ്രീക്കുട്ടൻ) യുവാക്കളെ നിരവധി തവണ കുത്തി പരിക്കേൽപ്പിച്ചത്. 2021 ൽ ചിറയിൻകീഴ് സ്റ്റേഷൻ പരിധിയിൽ മുടപുരത്ത് അജിത് എന്നയാളെ കൊന്ന കേസിലെ ഒന്നാം പ്രതിയാണ് അഭിജിത്ത്. ഇവൻ കഴക്കൂട്ടത്തെ ഒരു ജിമ്മിൽ ട്രെയിനറായി ജോലി നോക്കി വരികയാണ്. അഭിജിത് 2021-ൽ ചിറയിൻ കീഴിൽ യുവാവിനെ വെട്ടിക്കൊന്ന കേസിലും പ്രതിയാണ്. അഭിജിത്തിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. കസ്റ്റഡിയിലുള്ള ഷമീമിൽ നിന്ന് കത്തി വാങ്ങി നാല് പേരെയും കുത്തിയത് അഭിജിത്താണെന്നാണ് പൊലീസ് പറയുന്നത്.ഇന്നലെ രാത്രി പതിനൊന്നര അരയ്ക്കാണ് ആക്രമണമുണ്ടായത്. സുഹത്തിന്റെ പിറന്നാളോഘോഷിക്കാനായി ടെക്നോപാർക്കിന് സമീപത്തെ മദ്യശാലയിൽ എത്തിയ കഠിനംകുളം സ്വദേശി ഷെമീമും സംഘവുമാണ് മദ്യശാലയിലുണ്ടായിരുന്ന യുവാക്കളെ കുത്തിത്. പിറന്നാൾ സംഘം എത്തുന്പോൾ കൗണ്ടറിൽ ഇരുന്ന് മദ്യപിക്കുകയായിരുന്നു മർദ്ദനമേറ്റ ഏഴംഗസംഘം.
ഇരു സംഘങ്ങളും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. വാക്ക് തർക്കത്തിനിടെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. ശ്രീകാര്യം അലത്തറ സ്വദേശികളായ സൂരജ് ,സ്വരൂപ് ,ആക്കുളം സ്വദേശി വിശാഖ്, ശ്രീകാര്യം സ്വദേശി ഷാലു എന്നിവർക്കാണ് കുത്തേറ്റത്. ഗുരതരമായി പരിക്കേറ്റ രണ്ട് പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റ് രണ്ട് പേർ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
വിവരമറിഞ്ഞ് എത്തിയ കഴക്കൂട്ടം പോലീസാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അക്രമി സംഘത്തിലെ കഠിനംകുളം സ്വദേശി ഷമീം, കല്ലന്പലം സ്വദേശി അനസ് എന്നിവരെ കഴക്കൂട്ടം പൊലിസ് കസ്റ്റഡിലെടുത്തു. പത്തംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു. പിറന്നാളുകാരനായിരുന്ന അക്ബർ അടക്കം ബാക്കി പ്രതികള്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണ്. സ്ഥലത്ത് പൊലീസ് ഫോറൻസിക് വിഭാഗവും കഴക്കൂട്ടം എക്സൈസും പരിശോധന നടത്തി. ബാറിന്റെ പ്രവർത്തന സമയത്തിന് ശേഷവും പ്രവർത്തിച്ചിരുന്നുവോയെന്ന കാര്യവും എക്സൈസും പരിശോധിക്കുന്നു.