കോഴിക്കോട്: പന്തിരിക്കരയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. കൈതപ്പൊയിൽ സ്വദേശിയുടെ നേതൃത്വത്തിലുള്ള സ്വർണ്ണക്കടത്ത് സംഘമാണ് പിന്നിലെന്നാണ് സൂചന. വിദേശത്താണ് ഇയാള്‍ ഇപ്പോള്‍ നിലവിലുള്ളത്. പത്തനംതിട്ട സ്വദേശിയായ യുവതിക്കും സംഭവത്തിൽ ബന്ധമുണ്ടെന്നാണ് സൂചന.
ദുബായിൽ നിന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഇർഷാദ് നാട്ടിലെത്തുന്നത്. പിന്നീട് കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടിൽ വിളിച്ചത്. പിന്നീട് ഇര്‍ഷാദിന്‍റെ ഒരു വിവരവും ഇല്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിനിടെ, വിദേശത്തുള്ള സഹോദരന്‍റെ ഫോണിലേക്ക് വാട്സ്ആപ് വഴി ഭീഷണി സന്ദേശം എത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം അയച്ചുകൊടുത്തു. ദുബായിൽ നിന്ന് വന്ന ഇർഷാദിന്‍റെ കയ്യിൽ കൊടുത്തു വിട്ട സ്വർണം കൈമാറിയില്ലെന്ന് കാട്ടി ചിലർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
ഇർഷാദിനെ തട്ടിക്കൊണ്ടുപോയ ശേഷം വിവിധ നമ്പറുകളിൽ നിന്നും സ്വർണ്ണക്കടത്ത് സംഘം കുടുംബാംഗങ്ങളെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഈ നമ്പറുകൾ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. വിദേശത്ത് നിന്നും ഇർഷാദ് കൊണ്ടുവന്ന സ്വർണ്ണം സമീർ ഉൾപ്പെട്ട സംഘത്തിന് കൈമാറിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.