ന്യൂഡൽഹി ∙ ലൈംഗികാതിക്രമ പരാതിയിൽ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെ ഡൽഹി പൊലീസ് പ്രത്യേക സംഘം ചോദ്യം ചെയ്തു. ബ്രിജ്ഭൂഷനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി 2 എഫ്ഐആർ റജിസ്റ്റർ ചെയ്ത് 10 ദിവസത്തിനു ശേഷമാണു ചോദ്യം ചെയ്യുന്നത്.
ഏതാനും ദിവസം മുൻപാണു ബ്രിജ്ഭൂഷനു പൊലീസ് നോട്ടിസ് നൽകിയത്. 3 മണിക്കൂർ ചോദ്യം ചെയ്തുവെന്നും ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഫെഡറേഷൻ അസി. സെക്രട്ടറി വിനോദ് തോമറിനെയും ചോദ്യം ചെയ്തു. 30 പേരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഘം കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടും പരിശോധിക്കുന്നുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി കർണാടക, ഹരിയാന, ജാർഖണ്ഡ്, യുപി എന്നീ സംസ്ഥാനങ്ങളിലും അന്വേഷണ സംഘമെത്തിയിരുന്നു.
പരാതിക്കാരായ 6 താരങ്ങളെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി ഉടൻ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് വിശദീകരിച്ചു. താരങ്ങൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച വിവരം ഡൽഹി പൊലീസ് കോടതിയെ അറിയിച്ചത്. 10 അംഗ സംഘത്തിൽ 4 വനിതാ ഉദ്യോഗസ്ഥരുമുണ്ട്. വിഷയം 27നു വീണ്ടും പരിഗണിക്കും.