പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ട്രാഫിക് പോലീസ് സംഘവും വാളയാര്‍ അതിര്‍ത്തിയിൽ നടത്തിയ പരിശോധനയിൽ കള്ളപ്പണം പിടികൂടി. 42 ലക്ഷം രൂപയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശികളും നിലവിൽ പുലാമന്തോളിലും, കൊപ്പത്തും താമസിക്കുന്ന വിജയകുമാര്‍, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത പണം കടത്ത് തടയാൻ ജില്ലയിലെ സംസ്ഥാന അതിര്‍ത്തികളിൽ പരിശോധന നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് കോയമ്പത്തൂരിൽ നിന്ന് രണ്ട് പേരും ബൈക്കിൽ പുലാമന്തോളിലേക്ക് എത്തിയത്.
ഇവരെ തടഞ്ഞ പൊലീസ് രേഖകൾ പരിശോധിച്ചു. സംശയം തോന്നിയതിനെ തുടര്‍ന്ന് വിശദമായ പരിശോധന നടത്തി. ഈ ഘട്ടത്തിലാണ് വാഹനവും പരിശോധിച്ചത്. ബൈക്കിൽ രഹസ്യ അറയുണ്ടാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. വാളയാർ എസ്ഐ റെമിൻ, ഡ്രൈവർ സി.പി.ഒ. ഷാമോൻ, വടക്കഞ്ചേരി എസ്ഐ ജീഷ് മോൻ വർഗ്ഗീസ്, ഹോം ഗാർഡ് മാത്യു, പാലക്കാട് ട്രാഫിക് എസ്.ഐ. സതീഷ് ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽകുമാർ, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്ഐ സുനിൽകുമാർ , വിനീഷ്, മുഹമ്മദ് ഷനോസ്, അനീസ്, ഹേമാംബിക, വാളയാര്‍ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ശിവചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അരുൺ എന്നിവരാണ് സ്ഥലത്ത് പരിശോധനയിൽ ഉണ്ടായിരുന്നത്.