തിരുവനന്തപുരം: സ്വന്തം വീട്ടുകാരെ പേടിപ്പിക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ കാണിച്ച അതിബുദ്ധി കാരണം വിഴിഞ്ഞം, നെയ്യാറ്റിൻകര പൊലീസും മറൈൻ എൻഫോഴ്സ്മെന്റും തീരദേശ പൊലീസും ഒരു ദിവസം മുഴുവനും വെള്ളം കുടിച്ചു. രാത്രിയിൽ ബൈക്കിലെത്തി ആഴിമല കടൽത്തീരത്തേക്ക് ഇറങ്ങിപ്പോയ യുവാവിനെ കാണാതായതായി സംശയം പടര്‍ന്നിരുന്നു. കടൽക്കരയിൽ നിന്ന് പൊലീസുകാരനായ യുവാവിന്‍റെ ബൈക്ക് ചാവി ഉൾപ്പെടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടതും സംശയം ബലപ്പെടുത്തി. ഇതോടെയാണ് അധികൃതർ കടലും കരയും അരിച്ച് പെറുക്കിയത്.
ഇതിനിടയിലാണ് ആഴിമലയിൽ നിന്ന് മുങ്ങിയ പൊലീസുകാരനെ പാലക്കാട് നിന്ന് കണ്ടെത്തിയെന്ന വാർത്ത എത്തുന്നത്. വിവരം വലിയ ആശ്വാസത്തിനാണ് വഴി തെളിച്ചത്. വെൺപകൽ സ്വദേശിയും പൂജപ്പുരയില്‍ വിജിലൻസ് ഓഫീസ് ഡ്രൈവറുമായ ഗിരീഷ് രാജ് (36) ആണ് വീട്ടുകാരെയും അധികൃതരെയും വട്ടം കറക്കിയത്. വീട്ടുകാരോടുള്ള അഭിപ്രായ വ്യത്യാസത്തിൽ പിണങ്ങിയ ഇയാൾ വീട്ടിൽ ആത്മഹത്യക്കുറിപ്പും എഴുതി വച്ചശേഷം ബൈക്കുമായി ഇറങ്ങിപ്പോവുകയായിരുന്നു. സ്വന്തം നിലയിലെ അന്വേഷണത്തില്‍ കണ്ടെത്താൻ കഴിയാത്തതിനാൽ ബണ്ഡുക്കൾ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയിരുന്നു.
പൊലീസ് തിരച്ചിൽ നടത്തുന്നതിനിടയിൽ ആണ് വെള്ളിയാഴ്ച രാത്രി എട്ടരയോടെ ആഴിമല ക്ഷേത്രത്തിന് സമീപത്ത് ബൈക്ക് വച്ച ശേഷം ഇയാള്‍ കടൽക്കരയിലക്ക് നടന്നത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടതിൽ സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് എത്തി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോള്‍ ബൈക്ക് ഉപേക്ഷിച്ച് ഒരാൾ കടൽക്കര ലക്ഷ്യമാക്കി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതോടെയാണ് യുവാവ് കടലിൽ വീണിരിക്കാമെന്ന സംശയം ബലപ്പെട്ടത്.
വാഹന നമ്പറിൽ നിന്ന് വിലാസം തപ്പിയെടുത്ത പൊലീസ് ബന്ധുക്കളെ വിവരമറിയിച്ചു. വീട്ടുകാർ വാഹനവും തിരിച്ചറിഞ്ഞു. മൊബൈൽ സ്വിച്ച് ഓഫ് ആയതിനാൽ കടലില്‍ ചാടിയെന്ന സംശയം കൂടുതൽ ബലപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് തീരദേശ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും ബോട്ടുമായി തിരച്ചിലിനിറങ്ങി. ഇന്നലെ രാവിലെ മുതൽ കിഴക്കോട്ട് ശക്തമായ കടലെഴുക്കുണ്ടായിരുന്നതിനാൽ അങ്ങോട്ട് ഒഴുകിപ്പോയിരിക്കാമെന്ന നിഗമനത്തിൽ ഇന്നലെ വൈകുന്നേരത്തോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.
ഇതിനിടയിൽ മിസിങ്ങിന് കേസെടുത്തെ നെയ്യാറ്റിൻകര പൊലീസ് എല്ലാ സ്റ്റേഷനുകൾക്കും സന്ദേശം അയച്ചിരുന്നു. വൈകുന്നേരത്തോടെ പാലക്കാട് ടൗൺ സ്റ്റേഷനിൽ നിന്ന് പൊലീസുകാരനെ കണ്ടുകിട്ടിയതായ വിവരവും വരികയായിരുന്നു. സി.സി.ടിവിയുള്ള ഭാഗത്ത്കൂടെ കടൽക്കരയിലേക്ക് ഇറങ്ങിയ ഇയാൾ കാമറയില്ലാത്ത സ്ഥലത്തു കൂടി തിരികെ പോയി സ്ഥലം വിട്ടിരിക്കാമെന്നാണ് പൊലീസ് നിഗമനം. ബൈക്ക് ഉപേക്ഷിച്ച ശേഷംയാത്രക്കായി മറ്റാരു വാഹനത്തിന്റെ സഹായം തേടിയതും അധികൃതർക്ക് വിനയായി. ഇയാളെ തിരികെയെത്തിക്കാൻ പൊലീസും വീട്ടുകാരും പാലക്കാട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്.