നെറ്റ് പട്രോളിംഗിനിടെ കണ്ടെത്തിയ പണമടങ്ങിയ ബാഗ് ഉടമസ്ഥനെ കണ്ടെത്തി നല്‍കി പൊലീസുകാരന്‍. വ്യാഴാഴ്ച രാത്രി പട്രോളിംഗിനിടെയാണ് എറണാകുളം കുമ്പളങ്ങി പരിസരത്ത് നിന്ന് റോഡില്‍ ട്രോളി ബാഗ് പൊലീസ് ഡ്രൈവര്‍ ഷാരോണ്‍ പീറ്റര്‍ കണ്ടെത്തിയത്. നമ്പർ ലോക്ക് ചെയ്ത നിലയിലായിരുന്നു ബാഗുണ്ടായിരുന്നത്. ഉടമസ്ഥര്‍ പരാതിയുമായി എത്തുമ്പോള്‍ തിരികെ നല്‍കാമെന്ന് കരുതി ബാഗ് സ്റ്റേഷനിലെത്തിച്ചെങ്കിലും രണ്ട് ദിവസം പിന്നിട്ടിട്ടും പരാതിക്കാര്‍ വന്നില്ല. ഇതോടെയാണ് ബാഗ് തുറന്ന് പരിശോധിച്ചത്.
ഉടമസ്ഥനെ സംബന്ധിക്കുന്ന കൃത്യമായ രേഖകൾ ഒന്നും ഇല്ലാതിരുന്ന ബാഗില്‍ നിന്ന് 130000 രൂപയാണ് കണ്ടെത്തിയത്. കിട്ടിയ സൂചനകളിലൂടെ ബാഗ് കുമ്പളങ്ങിയിൽ ഡെന്റൽ ക്ലിനിക് നടത്തുന്ന ഡോക്ടർ നിയസിന്‍റേതാണെന്ന് സൂചനകളിലൂടെ മനസിലാക്കിയ ഷാരോണ്‍ പീറ്റര്‍ അദ്ദേഹത്തെ ബന്ധപ്പെട്ട് പണം കൈമാറുകയായിരുന്നു.കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്ന് പൊലീസുകാരന്‍ മാമ്പഴം മോഷണം നടത്തി, നടപടി നേരിടുമ്പോഴാണ് ഷാരോണിന്‍റെ മാതൃക സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. കഴിഞ്ഞ മാസം മുപ്പതിനാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാരനായ പി.വി.ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്.
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഒളിവില്‍ പോയ ഷിഹാബിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. മോഷണം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഷിഹാബിനെ കണ്ടെത്താനും പൊലീസിന് സാധിച്ചിട്ടില്ല. സംസ്ഥാനത്തെ പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ മോഷണക്കേസിനൊപ്പം മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിലെ പ്രതി കൂടിയാണ് ഷിഹാബ്. ഈ കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് ഷിഹാബ് മാങ്ങ മോഷണം നടത്തിയത്.