തൃശൂർ: ചാലക്കുടിയിൽ പൊലീസ് ജീപ് തകർത്ത് ഡി വൈ എഫ് ഐ നേതാവിനെ മോചിപ്പിച്ച കേസിൽ സി പി എം ഏരിയ സെക്രട്ടറിയെ പൊലീസ് ചോദ്യം ചെയ്യുന്നു. സി പി എം ചാലക്കുടി ഏരിയ സെക്രട്ടറി അശോകനെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. ജീപ്പ് തകർത്ത് ഡി വൈ എഫ് ഐ നേതാവ് നിധിൻ പുല്ലനെ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ച കേസിലാണ് ചോദ്യം ചെയ്യലെന്ന് പൊലീസ് അറിയിച്ചു.
ചാലക്കുടി പൊലീസ് നോട്ടിസ് നൽകിയാണ് ഏരിയാ സെക്രട്ടറിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. സെഷൻസ് കോടതിയിൽ ഏരിയാ സെക്രട്ടറി മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. അതിനിടയിലാണ് പൊലീസിന്‍റെ ചോദ്യം ചെയ്യൽ. അതേസമയം പ്രവർത്തകർ ജീപ്പ് തകർത്ത് രക്ഷപ്പെടുത്തിയ ഡി വൈ എഫ് ഐ നേതാവ് നിധിൻ പുല്ലനെ പിന്നീട് പൊലീസ് പിടികൂടിയിരുന്നു. നിധിൻ ഇപ്പോൾ റിമാൻഡിലാണ്.
ഈ മാസം 22 നായിരുന്നു ചാലക്കുടിയിൽ എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവർത്തകർ പൊലീസ് ജീപ്പ് അടിച്ചു തകർത്ത് നിധിൻ പുല്ലനെ രക്ഷപ്പെടുത്തിയത്. ഐ ടി ഐ തെരഞ്ഞെടുപ്പിൽ ജയിച്ചതിന് ശേഷമുള്ള ആഹ്ളാദ പ്രകടനത്തിനിടെ ഉണ്ടായ അക്രമത്തിന്‍റെ പേരിലാണ് നിധിനെ പൊലീസ് പിടികൂടിയത്. എന്നാൽ കസ്റ്റഡിയിലിരുന്ന ഇയാളെ സി പി എം പ്രവർത്തകർ ഇടപെട്ട് മോചിപ്പിക്കുകയായിരുന്നു. സി പി എം ചാലക്കുടി ഏരിയ സെക്രട്ടറി അശോകന്‍റെ നേതൃത്വത്തിലായിരുന്നു സി പി എം, എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവർത്തകർ പൊലീസ് ജീപ്പിൽ നിന്നും നിധിനെ മോചിപ്പിച്ചത്.