തിരുവനന്തപുരം: വിദ്വേഷപ്രസംഗത്തില്‍ ഉന്നയിച്ച ആരോപണങ്ങളൊന്നും നേരിട്ട് അറിവുള്ളവയല്ലെന്ന് പി.സി.ജോര്‍ജ്. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പറഞ്ഞു കേട്ട് അറിവുള്ള കാര്യങ്ങളാണു പ്രസംഗിച്ചതെന്നും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ജോര്‍ജ് വിശദീകരിച്ചു. പ്രസംഗത്തിന്റെ പേരില്‍ കേസെടുത്തത് പിണറായി വിജയന്റെയും വി.ഡി. സതീശന്റെയും ഗൂഢലോചനയാണെന്നും ജോര്‍ജ് ആരോപിച്ചു.
പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലെത്തിയ പി.സി.ജോര്‍ജിനെ അസിസ്റ്റന്റ് കമ്മിഷണര്‍ എസ്.ഷാജി ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തു. പ്രസംഗത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് എന്തെങ്കിലും തെളിവുണ്ടോയെന്നായിരുന്നു പ്രധാന ചോദ്യം. സമൂഹമാധ്യമങ്ങളില്‍ കണ്ടും പലരും പറഞ്ഞു കേട്ടും അറിഞ്ഞ കാര്യങ്ങളാണ് പ്രസംഗിച്ചതെന്നായിരുന്നു ജോര്‍ജിന്റെ മറുപടി. അവയൊന്നും തന്റെ കണ്ടെത്തലോ വാക്കുകളോ അല്ലെന്നും മതവിദ്വേഷം ലക്ഷ്യമിട്ടില്ലെന്നും വിശദീകരിച്ചു.
കഴിഞ്ഞ തവണ നോട്ടിസ് നല്‍കിയപ്പോള്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിനു പോകണമെന്ന് പറഞ്ഞ് ജോര്‍ജ് ചോദ്യം ചെയ്യലിന് എത്തിയിരുന്നില്ല. ഇന്ന് ശബ്ദസാംപിള്‍ പരിശോധിക്കാന്‍ തീരുമാനിച്ചെങ്കിലും മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചു. അതിനാല്‍ ജോര്‍ജ് ഇനിയും പൊലീസിനു മുന്നില്‍ ഹാജരാകണം. അതിനുശേഷം ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാനാണ് പൊലീസിന്റെ തീരുമാനം.