മലപ്പുറം: പെരിന്തൽമണ്ണയിൽ പ്രവാസി മർദ്ദനമേറ്റ് മരിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. കരുവാരക്കുണ്ട് സ്വദേശി നബീൽ, പാണ്ടിക്കാട് സ്വദേശി മരക്കാർ, അങ്ങാടിപ്പുറം സ്വദേശി അജ്മൽ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി യഹിയയെ ഒളിവിൽ പോകാനും രക്ഷപ്പെടാനും സഹായിച്ചവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. അഗളി സ്വദേശിയായ പ്രവാസി ദുരൂഹ സാഹചര്യത്തിൽ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ അഞ്ചുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ മൂന്നുപേർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ഇവർക്ക് വേണ്ട സഹായം ചെയ്തവരാണ് അറസ്റ്റിലായ മറ്റ് രണ്ടുപേർ. അലിമോൻ, അൽത്താഫ്, റഫീഖ് ഇവർക്ക് സഹായം ചെയ്ത് കൊടുത്ത അനസ് ബാബു, മണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായതെന്ന് മലപ്പുറം എസ്‍പി എസ്.സുജിത്ത് ദാസ് പറഞ്ഞു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
മരിച്ച അബ്ദുൽ ജലീലിനെ ആശുപത്രിയിൽ എത്തിച്ച് മുങ്ങിയ യഹിയയാണ് കേസിലെ ഒന്നാം പ്രതി. ഇയാൾ ഒളിവിലാണ്.
വിദേശത്ത് നിന്ന് സ്വർണം കടത്തുന്ന കാരിയറായിരുന്ന അബ്ജുൾ ജലീലിനെ യഹിയയുടെ നേതൃത്വത്തിൽ ഒരു സംഘം തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ക്രൂര മർദ്ദനമേറ്റ നിലയിൽ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജലീൽ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മെയ് 15ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ അബ്ദുൾ ജലീലിനെ നാലു ദിവസത്തിന് ശേഷം ഗുരുതര പരിക്കുകളോടെ ഒരാൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചത് മലപ്പുറം സ്വദേശി യഹിയ ആണെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കണ്ടെത്തി. ഇയാൾക്കായി അന്വേഷണം തുടരുകയാണ്. യഹിയ കാറിൽ അബ്ദുൾ ജലീലിനെ ആശുപത്രിയിലെത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വെള്ളക്കാറിലാണ് അബ്ദുൾ ജലീലിനെ എത്തിച്ചത്. ഡ്രൈവിംഗ് സീറ്റിലായിരുന്നു യഹിയ. ജലീലിനെ പിന്നിലെ സീറ്റിൽ കിടത്തിയിരിക്കുകയായിരുന്നു.