വയനാട് : വയനാട്ടിൽ നടന്ന ബജ്റംഗ്ദൾ കൊലവിളിയിൽ കേസെടുത്ത് പോലീസ്. ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്ന് പാസ്റ്റർക്ക് നേരെ ഭീഷണി മുഴക്കിയതിനാണ് ബത്തേരി പോലീസ് കേസെടുത്തിരിക്കുന്നത്. ഭീഷണി, തടഞ്ഞു വെക്കൽ, കലാപശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. പാസ്റ്ററുടെ വാഹനം തടഞ്ഞ് ബത്തേരി ടൗണിൽ വെച്ച് ബജ്റംഗ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വെക്കേഷൻ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാൻ ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് എത്തിയ പാസ്റ്ററെയാണ് ഒരു കൂട്ടം ബജ്റംഗ്ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഏപ്രിലിൽ നടന്ന സംഭവമാണിത്. ഹിന്ദു വീടുകളിൽ കയറിയാൽ ഇനി അടി ഉണ്ടാകില്ല. കാൽ അങ്ങ് വെട്ടിക്കളയും. അടി കൊണ്ട് കാര്യമില്ല എന്ന് പാസ്റ്ററെ തടഞ്ഞുവെച്ച് യുവാക്കൾ ഭീഷണി മുഴക്കുന്നത് വീഡിയയോയിൽ കാണാൻ കഴിയും. പാസ്റ്ററെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും.