കൊച്ചി : നെയ്യാറ്റിന്‍കര ബിഷപ്പിന്റെ പേരു പ്രതിഭാഗം കേസിലേക്കു വലിച്ചിഴയ്ക്കുന്നതു ദുരുദ്ദേശ്യത്തോടെയാണെന്ന നിലപാടിലാണ് അന്വേഷണ സംഘം. കേസില്‍ പുകമറ സൃഷ്ടിക്കാനും ചര്‍ച്ചകള്‍ വഴിതെറ്റിക്കാനുമാണു ശ്രമമെന്നാണ് ഈ ഘട്ടത്തില്‍ അന്വേഷണ സംഘത്തിന്റെ നിഗമനം. ദിലീപ് ആരോപിക്കുന്ന തരത്തില്‍ കേസുമായി ഏതെങ്കിലും തരത്തില്‍ ബിഷപ് ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. വധഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ടു തനിക്കു നേരിട്ട് അറിയാവുന്ന മുഴുവന്‍ കാര്യങ്ങളും വെളിപ്പെടുത്താന്‍ തയാറാണെന്നു കേസില്‍ സംശയനിഴലിലുള്ള വ്യവസായി എസ്. ശരത്ത്, സുഹൃത്ത് മുഖാന്തരം അന്വേഷണ സംഘത്തെ അറിയിച്ചു.
കേസില്‍ ബാലചന്ദ്രകുമാറിനു ‘കണ്ടാല്‍ തിരിച്ചറിയാവുന്ന’ ആറാം പ്രതി ശരത്താണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഒളിവില്‍പോയ ശരത്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. ദിലീപിനെ അടുത്ത സുഹൃത്തെന്ന നിലയില്‍ നിയമസഹായം ലഭിക്കാന്‍ സഹായിക്കുക മാത്രമാണു ചെയ്തതെന്നും തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കൂട്ടു നിന്നിട്ടില്ലെന്നുമാണു ശരത്ത് സന്ദേശവാഹകന്‍ വഴി ക്രൈംബ്രാഞ്ചിനെ അറിയിച്ചത്.