കണ്ണൂര്‍ : ഞായര്‍ രാത്രി മാവേലി എക്‌സ്പ്രസില്‍ റെയില്‍വേ പോലീസിലെ എഎസ്‌ഐയുടെ മര്‍ദനമേറ്റ യാത്രക്കാരന്‍ കൂത്തുപറമ്പ് നിര്‍മലഗിരി സ്വദേശിയും ചില കേസുകളില്‍ പ്രതിയുമായ പീടികക്കണ്ടി വീട്ടില്‍ പൊന്നന്‍ ഷമീറെന്ന കെ.ഷമീര്‍ (40) ആണെന്നു ബന്ധുക്കളും റെയില്‍വേ പോലീസും തിരിച്ചറിഞ്ഞു. മാധ്യമ വാര്‍ത്തകളിലെ ദൃശ്യങ്ങളില്‍ നിന്നു ഷമീറിനെ തിരിച്ചറിഞ്ഞ ബന്ധുക്കളും ചില അഭിഭാഷകരും കൂത്തുപറമ്പ് പോലീസിനെ വിവരമറിയിച്ചു. റെയില്‍വേ പോലീസും ലോക്കല്‍ പോലീസും ഇന്നലെ ഷമീറിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഒരാഴ്ച മുന്‍പാണ് ഇയാള്‍ വീട്ടിലെത്തിയത്. പൊന്നന്‍ ഷമീറിനെപ്പറ്റി കൂത്തുപറമ്പ് പോലീസ് നല്‍കുന്ന വിവരങ്ങള്‍ ഇതാണ്: ‘ഇയാള്‍ പോലീസിന്റെ നോട്ടപ്പുള്ളിയാണ്. മോഷണക്കേസില്‍ 3 വര്‍ഷം തടവ് അനുഭവിച്ചിട്ടുണ്ട്. മാനഭംഗ കേസിലും വധശ്രമക്കേസിലും പ്രതിയായിരുന്നുവെങ്കിലും കോടതി കുറ്റവിമുക്തനാക്കി. കൂത്തുപറമ്പില്‍ നടന്ന അടിപിടി കേസില്‍ പ്രതിയാണ്. ട്രെയിനില്‍ മദ്യം കടത്തിയതിനു കോഴിക്കോട് ആര്‍പിഎഫ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ന്യൂമാഹി പോലീസ് സ്റ്റേഷനിലെ ഒരു കേസിലും ഇയാള്‍ പ്രതിയായിരുന്നു.’
അതേസമയം പൊന്നന്‍ ഷമീറിനെ പിടികൂടേണ്ടതു റെയില്‍വേ പോലീസിന്റെ ചുമതലയാണെന്നു സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോ പറഞ്ഞു. മാവേലി എക്‌സ്പ്രസിലെ എസ്ടു കോച്ചില്‍ വച്ച്, ടിക്കറ്റില്ലെന്നാരോപിച്ചു യാത്രക്കാരനെ ബൂട്ടിട്ട കാലു കൊണ്ടു ചവിട്ടിവീഴ്ത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് കണ്ണൂര്‍ റെയില്‍വേ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ എം.സി.പ്രമോദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.