എറണാകുളം : റാപ്പർ വേടൻ പ്രതിയായ ബലാത്സംഗ കേസിൽ രഹസ്യമൊഴിയുടെ പകർപ്പ് പോലീസ് ആവശ്യപ്പെട്ടു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്. മൊഴി പകർപ്പ് ലഭിച്ച ശേഷം വിശദമായ അന്വേഷണത്തിലേക്ക് കടക്കും. പരാതിയിൽ പറഞ്ഞിട്ടുള്ള എല്ലാവരുടെയും മൊഴി രേഖപെടുത്തും. കഴിഞ്ഞ ദിവസം വേടന്റെ തൃശൂരുള്ള വീട്ടിൽ നിന്ന് ഒരു മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്തിരുന്നു. ഫൊറൻസിക് പരിശോധനക്ക് വേണ്ടി ഫോൺ കൈമാറി. യുവ ഡോക്ടർ നൽകിയ പരാതിയിലാണ് എറണാകുളം തൃക്കാക്കര പോലീസ് കേസ് എടുത്തത്. 2021 മുതൽ 2023 വരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് യുവ ഡോക്ടറുടെ പരാതി. കോഴിക്കോടും കൊച്ചിയിലും വെച്ചായിരുന്നു പീഡനം. തന്റെ പക്കൽ നിന്ന് പണം വാങ്ങിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നുണ്ട്.
വേടനും പരാതിക്കാരിയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കേസിൽ പരാതിക്കാരിയുടെ മൊഴിയിൽ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിനൊപ്പം സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തും. കേസിൽ മുൻകൂർ ജാമ്യം തേടി വേടൻ കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും ഇപ്പോൾ തെറ്റായ ആരോപണം ഉന്നയിക്കുന്നതെന്നാണ് ഹർജിയിൽ പറയുന്നത്. അന്വേഷണം പ്രാരംഭഘട്ടത്തിൽ ആയതിനാൽ വേടന്റെ മുൻകൂർ ജാമ്യപേക്ഷയെ പോലീസ് ഹൈക്കോടതിയിൽ എതിർക്കും.