സുല്‍ത്താന്‍ബത്തേരി: വേനല്‍ തുടങ്ങിയതോടെ വയനാട്ടില്‍ അനുമതിയില്ലാതെയുള്ള കുഴല്‍ക്കിണര്‍ നിര്‍മാണങ്ങളും പെരുകുന്നു. ഭൂജല, ജിയോളജി വകുപ്പുകളുടെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ചും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയും വാങ്ങി മാത്രമെ കുഴല്‍ക്കിണറുകള്‍ നിര്‍മിക്കാന്‍ പാടുള്ളുവെന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് ജില്ലയുടെ പല ഭാഗങ്ങളിലും നൂറുകണക്കിന് അടി കാഴ്ചയില്‍ കൂറ്റന്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് കിണര്‍ കുഴിക്കുന്നത്. മുന്‍കാലങ്ങളില്‍ ഇത്തരം കിണറുകള്‍ നിര്‍മിക്കാന്‍ പ്രത്യേക അനുമതി ആരും തന്നെ വാങ്ങിയിരുന്നില്ല.
എന്നാല്‍ ഭൂഗര്‍ഭ ജലത്തിന്റെ തോത് കുറഞ്ഞുവരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയായിരുന്നു. ഈ നിയന്ത്രണങ്ങളെല്ലാം ലംഘിച്ചാണ് സ്വകാര്യവ്യക്തികള്‍ കുഴല്‍ക്കിണര്‍ നിര്‍മാണം നടത്തുന്നതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ചീരാല്‍ പണിക്കര്‍പടിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അനുമതിയില്ലാതെ കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നതിനിടെ യന്ത്രങ്ങള്‍ ഘടിപ്പിച്ച രണ്ടുലോറികള്‍ പൊലീസ് പിടികൂടിയിരുന്നു. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വണ്ടികളാണു പിടിച്ചെടുത്തത്. രണ്ടു ലോറികളും പിന്നീട് ഭൂഗര്‍ഭ ജല വകുപ്പിന് കൈമാറി.
ഭൂഗര്‍ഭ ജലവകുപ്പില്‍ റജിസ്റ്റര്‍ ചെയ്ത സര്‍വേ റിപ്പോര്‍ട്ടോ പഞ്ചായത്തിന്റെ അനുമതിയോ കിണര്‍നിര്‍മിക്കുന്ന വ്യക്തിക്കുണ്ടായിരുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് ലോറികള്‍ പിടിച്ചെടുത്തത്. മാത്രമല്ല സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്ത റിഗ്ഗുകള്‍ക്ക് മാത്രമാണ് കുഴല്‍ക്കിണര്‍ നിര്‍മിക്കാന്‍ പാടുള്ളു. രജിസ്റ്റര്‍ ചെയ്ത റിഗ്ഗുകളാണെങ്കില്‍ പോലും അനുമതിയുള്ള സ്ഥലത്ത് മാത്രമേ കുഴിക്കാനും പാടുള്ളു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പിടിക്കപ്പെട്ടാല്‍ 25,000 രൂപ വരെയാണ് പിഴ. അതേ സമയം കുഴല്‍ക്കിണര്‍ നിര്‍മാണ ഏജന്‍സികള്‍ തമ്മിലുള്ള മത്സരം കൊണ്ട് മാത്രമാണ് അനധികൃത കിണര്‍നിര്‍മാണങ്ങള്‍ പിടിക്കെപ്പെടുന്നതെന്നും നാട്ടുകാരില്‍ ചിലര്‍ പറയുന്നു.
വയനാട്ടില്‍ കുഴല്‍ക്കിണര്‍ നിര്‍മാണം വര്‍ധിച്ചതോടെ നിരവധി ഏജന്‍സികള്‍ തമിഴ്‌നാട്ടില്‍ നിന്ന് ഇവിടേക്ക് എത്തിയിട്ടുണ്ട്. ഇവരുടെ കിടമത്സരം കാരണം ഏതെങ്കിലും എജന്‍സികള്‍ അധികൃതരെ അറിയിക്കുമ്പോള്‍ മാത്രമാണ് നിയമലംഘനം പിടിക്കപ്പെടുന്നതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ചീരാലില്‍ ലോറികള്‍ പിടിക്കപ്പെട്ടതിന് പിന്നിലും കിടമത്സരമാണെന്നാണ് ആരോപണം.