ന്യൂഡല്‍ഹി : പോലീസിനും മറ്റ് അന്വേഷണ ന്യഏജൻസികൾക്കും മുന്നിൽ ഹാജരാകാൻ കുറ്റാരോപിതർക്ക് വാട്‌സ്ആപ്പ് വഴിയോ മറ്റ് ഇലക്ട്രോണിക് മാർഗങ്ങൾ വഴിയോ നോട്ടീസ് അയയ്ക്കരുതെന്ന് സുപ്രീംകോടതി. ഇലക്ട്രോണിക് മാർഗങ്ങൾ വഴി നോട്ടീസ് അയയ്ക്കാൻ പോലീസിനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹരിയാന സർക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണു വിധി. പുതിയ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സമൻസും വാറൻ്റും ഇലക്ട്രോണിക് മാർഗത്തിൽ അയയ്ക്കാൻ കോടതികൾക്ക് അനുവാദം നൽകുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹരിയാനയുടെ വാദം. എന്നാൽ ജുഡീഷ്യൽ നടപടികൾ നിർദേശിച്ചിരിക്കുന്ന കാര്യം എക്സിക്യൂട്ടീവ് നടപടികൾക്കു ബാധകമാക്കേണ്ടതില്ലെന്ന് ജസസ്റ്റിസ് എം.എം. സുന്ദരേഷ്, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന വിഷയമാണിത്. സമൻസ് അനുസരിച്ച് ഹാജരായില്ലെങ്കിൽ അറസ്‌റ്റ് ചെയ്യപ്പെടാനും സാധ്യതയുണ്ട്. ഈ സഹാചര്യത്തിൽ സമൻസ് കുറ്റാരോപിതർക്കു നേരിട്ടു നൽകുകയാണ് ഉചിതമെന്ന് കോടതി വ്യക്തമാക്കി. പതിവ് സേവന രീതി അനുസരിച്ചു വ്യക്തിക്കു നേരിട്ട് സമൻസ് അയയ്ക്കണമെന്നായിരുന്നു കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയായി നിയമിച്ച മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലുത്രയുടെയും നിലപാട്.