കൊട്ടാരക്കര: ആധുനിക സജ്ജീകരണങ്ങളോടെ പൊലീസ് സ്റ്റേഷനുകളെ കൂടുതല്‍ ജനകീയമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. കൊല്ലം റൂറല്‍ പൊലീസ് ആസ്ഥാന മന്ദിരം ഉദ്ഘാടനവുമായി ബന്ധപ്പെട്ട സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂതന സജ്ജീകരണങ്ങളുടെ നിര്‍മിച്ച കൊല്ലം റൂറല്‍ ജില്ല പൊലീസ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം 12ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. അച്ചന്‍കോവില്‍ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടമടക്കം മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ആറ് കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം പൂര്‍ത്തിയാക്കിയത്. പുതിയ കെട്ടിട സമുച്ചയത്തിന്റെ ഗ്രൗണ്ട് ഫ്ലോറില്‍ റിസപ്ഷന്, റസ്റ്റ് റൂം, കാഷ് കൗണ്ടര്‍, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ഓഫിസ്, ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി ഓഫിസ്, ശൗചാലയങ്ങള്‍ എന്നിവയും എസ്.പിയുടെ ക്യാബിന്, ഓഫിസ് ലോഞ്ച്, വിശ്രമ മുറികള്‍, ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പിയുടെ ഓഫിസ്, ഭരണവിഭാഗം ഡിവൈ.എസ്.പി ഓഫിസ്, നാര്‍കോട്ടിക് സെല്‍, സൈബര്‍ സെല്‍, വനിതസെല്‍, ടോയ്ലറ്റ് എന്നിവ രണ്ടാം നിലയിലും ടെലി കമ്യൂണിക്കേഷന്‍ വിഭാഗം, അക്കൗണ്ട്സ് മാനേജര്‍ ഓഫിസ്, മിനിസ്റ്റീരിയല്‍ വിഭാഗം, കോണ്‍ഫറന്‍സ് ഹാള്‍, റെക്കോഡ്സ് റൂം, ടോയ്ലറ്റുകള് എന്നിവ മൂന്നാം നിലയിലുമാണ് സജ്ജീകരിച്ചിട്ടുള്ളത്.
സ്വാഗതസംഘം ചെയര്‍മാനായി മന്ത്രി കെ.എന്‍. ബാലഗോപാല്‍, രക്ഷാധികാരിയായി കൊടിക്കുന്നില്‍ സുരേഷ് എം.പി, കണ്‍വീനറായി കൊല്ലം റൂറല്‍ ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ കെ.ബി. രവി, വൈസ് ചെയര്‍മാനായി കൊട്ടാരക്കര നഗരസഭ ചെയര്മാന് എ. ഷാജു, ജോയന്റ് കണ്‍വീനറായി കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ടി. വിജയകുമാര്‍, അംഗങ്ങളായി തഹസില്‍ദാര്‍ പി. ശുഭന്, മുന്‍ എം.എല്‍.എ അയിഷ പോറ്റി എന്നിവരെ തെരഞ്ഞെടുത്തു.