ഇടുക്കി : മൂന്നാർ ഗ്യാപ്പ് റോഡിലൂടെ നിരോധനം മറികടന്നെത്തിയ സ്കൂൾ ബസ് പോലീസ് തടഞ്ഞു. ചിന്നക്കനാലിലെ സ്കൂളിലേക്ക് വിദ്യാർത്ഥികളും അധ്യാപകരുമായി പോയ അൺ എയ്ഡഡ് സ്കൂളിൻ്റെ ബസ്സാണ് പോലീസ് തടഞ്ഞത്. തുടർന്ന് കിലോമീറ്ററുകൾ വളഞ്ഞ് കുഞ്ചിത്തണ്ണി വഴി ചിന്നക്കനാലിലേക്ക് വഴി തിരിച്ചു വിട്ടു. ഗ്യാപ്പ് റോഡിൽ യാത്രാ നിരോധനവും പ്രതികൂല കാലാവസ്ഥയും കാരണം സ്കൂളിന് അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രിൻസിപ്പാൾ തയ്യാറായില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. എന്നാൽ ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിക്കാത്തത് കൊണ്ടാണ് സ്കൂൾ പ്രവർത്തിച്ചതെന്നും ഗ്യാപ്പ് റോഡ് വഴി വരരുതെന്ന നിർദ്ദേശം ബസ് ഡ്രൈവർ പാലിച്ചില്ലെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സ്കൂൾ പ്രിൻസിപ്പാൾ അറിയിച്ചു.



















