കോഴിക്കോട്: പന്തീരാങ്കാവ് നവവധു പീഡനക്കേസിൽ അതിജീവിതയുടെ പുതിയ വെളിപ്പെടുത്തലുകൾ കേസിന്റെ അന്വേഷണത്തെ ബാധിച്ചേക്കില്ല. ഗാർഹിക പീഡനമടക്കം വ്യക്തമാക്കുന്ന മൊഴി യുവതി നേരത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ഫറോക്ക് അസി. കമീഷണർ സജു കെ. അബ്രഹാം മുമ്പാകെയും കോടതി മുമ്പാകെയും നൽകിയിരുന്നു. ഇതുമായി മുന്നോട്ടുപോവുകയാണ് അന്വേഷണ സംഘം. യുവതിയുടെ മൊഴികളിൽ ഭർത്താവ് രാഹുൽ മർദിച്ചെന്നാണുള്ളത്. ഇതിന്റെയടക്കം അടിസ്ഥാനത്തിലായിരുന്നു രാഹുലിനെതിരെ വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തത്.
ജർമനിയിലുള്ള രാഹുലിനെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമവും പൊലീസ് തുടരും. ഒന്നാംപ്രതി രാഹുൽ നാട്ടിലില്ലാത്തതിനാൽ രണ്ട് മുതൽ അഞ്ചു വരെയുള്ള പ്രതികൾക്കെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചത്. രണ്ടാംപ്രതി രാഹുലിന്റെ അമ്മ ഉഷാകുമാരി, മൂന്നാംപ്രതി സഹോദരി കാർത്തിക, നാലാംപ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ്, അഞ്ചാംപ്രതി പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ശരത്ത്ലാൽ എന്നിവരാണ്.
കേസിൽ പൊലീസ് കുറ്റപത്രമടക്കം തയാറാക്കി തുടങ്ങിയതിനിടെയാണ് യുവതി ഇതുവരെയുള്ള ആരോപണങ്ങളും മൊഴികളും മാറ്റിയ വിഡിയോ യുട്യൂബ് ചാനൽ വഴി പുറത്തുവിട്ടത്.
സ്ത്രീധനത്തിന്റെ പേരിലാണ് ഭർത്താവ് രാഹുൽ തന്നെ മർദിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ വീട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ചാണ് പറഞ്ഞതെന്നായിരുന്നു യുവതിയുടെ തുറന്നുപറച്ചിൽ. നേരത്തെ മാട്രിമോണിയൽ വെബ്സൈറ്റ് വഴി പരിചയപ്പെട്ടയാൾ പലതവണ വിളിച്ചതിനെ തുടർന്നുള്ള തെറ്റിദ്ധാരണയുടെ പേരിൽ ഭർത്താവ് തന്നെ അടിച്ചു എന്നത് നേരാണെന്നും മറ്റൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് യുവതി വിഡിയോയിൽ പറഞ്ഞത്. രാഹുലിന്റെ അമ്മയോടും സഹോദരിയോടും മാപ്പുചോദിക്കുന്നതായും പറഞ്ഞിരുന്നു.
അതിനിടെ എസ്.സി.പി.ഒ ശരത്ത്ലാൽ ചൊവ്വാഴ്ച ഉച്ചയോടെ അന്വേഷണ സംഘം മുമ്പാകെ ഹാജരായി. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇദ്ദേഹത്തിന്റെ മൊഴിയും രേഖപ്പെടുത്തി. രാഹുലിനെ സ്റ്റേഷനിൽനിന്ന് പരിചയപ്പെട്ടിരുന്നതായും തുടർന്ന് അദ്ദേഹത്തിന്റെ വീട്ടിൽ പോയതായും ശരത്ത്ലാൽ മൊഴി നൽകി. കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ പിന്നീട് ഇദ്ദേഹത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.