ഇടുക്കി: ഇടുക്കി ഗവ: എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയും എസ് എഫ് ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസില്‍ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ നിഖിൽ പൈലിയെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ആകെ എട്ടു പ്രതികളാണുള്ളത്.
കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കൽ, പട്ടികജാതി പട്ടികവർഗ പീഢന നിരോധന നിയമം, അന്യായമായി സംഘം ചേരൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 600 ഓളം പേജുള്ളതാണ് കുറ്റപത്രം. 160 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. അതേസമയം ധീരജിനെ കുത്തിയ കത്തി ഇനിയും കണ്ടെത്താനായിട്ടില്ലെന്നും കുറ്റപത്രം പറയുന്നു.
കേസിലെ മുഖ്യതെളിവായ കത്തി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നതാണ് പൊലീസിനെ കുഴക്കുന്നതാണ്. രക്ഷപ്പെടുന്നതിനിടെ ഇടുക്കി കളക്ടറേറ്റിനു മുന്നിലുള്ള വനമേഖലയിൽ കത്തി ഉപേക്ഷിച്ചെന്നാണ് നിഖിൽ പൈലി പൊലീസിനോട് പറഞ്ഞിരുന്നത്. നിഖിലിനെ എത്തിച്ച് തെരച്ചിൽ നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല. ജനുവരി പത്തിനാണ് ഇടുക്കി ഗവ: എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ കൊല്ലച്ചെയ്യപ്പെടുന്നത്.