തിരുവനന്തപുരം: പേട്ടയില്‍ സ്ത്രീക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പോലീസുകാര്‍ക്ക് സസ്പെന്ഷന്. പേട്ട സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ക്കാണ് സസ്പെന്ഷന്. സിപിഒമാരായ രഞ്ജിത്ത്, ജയരാജ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പരാതിക്കാരിയെ കണ്ട് മൊഴിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി. അതേസമയം പേട്ടയില്‍ സ്ത്രീക്ക് നേരെയുണ്ടായ അതിക്രമം നാളെ സഭയില്‍ ഉന്നയിക്കുമെന്ന് കെകെ രമ പറഞ്ഞു. യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും കെകെ രമ പറഞ്ഞു. തിരുവനന്തപുരത്ത് ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു എംഎല്‍എയുടെ ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ 13ന് രാത്രി 11മണിക്കായിരുന്നു സംഭവം. വഞ്ചിയൂര്‍ മൂലവിളാകം ജംഗ്ഷനില്‍ വച്ചാണ് 49 കാരിയെ അജ്ഞാതന്‍ ആക്രമിച്ചത്. മകള്‍ക്കൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്ന് വാങ്ങാനായി ടൂവീലറില്‍ പുറത്തുപോയി മടങ്ങുന്നതിനിടയിലായിരുന്നു സംഭവം. മൂലവിളാകം ജംഗഷ്നില്‍ നിന്നും അജ്ഞാതനായ ഒരാള്‍ യുവതിയെ പിന്തുടരുകയും വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.