കോഴിക്കോട്: കോഴിക്കോട് മുക്കത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്ത് മുക്കം പൊലീസ്. മദ്യലഹരിയിൽ കാർ ഓടിച്ച കോടഞ്ചേരി മൈക്കാവ് സ്വദേശി ജിൻസൺ ജോണിനെതിരെയാണ് കേസെടുത്തത്. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കം ഹോസ്പിറ്റൽ ജംഗ്ഷനിൽ ഇന്നലെ വൈകീട്ടോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പാലക്കാട് സ്വദേശി പുല്ലാനിക്കാട് ഷിജിൻ ആണ് മരിച്ചത്. മുക്കം ഭാഗത്ത് നിന്ന് ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വരുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കില്‍ ഇടിച്ച ശേഷം ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചാണ് കാർ നിന്നത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻ ഭാഗവും പോസ്റ്റും പൂർണ്ണമായും തകർന്നു. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ ഷിജിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബൈക്കിൽ ഷിജിനൊപ്പം സഞ്ചരിച്ചിരുന്ന യുവതി ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡി കോളേജിൽ ചികിത്സയിലാണ്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പരിശോധനയിൽ കാർ ഡ്രൈവർ ജിൻസൺ മദ്യലഹരിയിലാണെന്ന് തെളിഞ്ഞു. ഇതോടെയാണ് നരഹത്യയ്ക്ക് കേസെടുത്തത്. കാറിന് ഇൻഷുറൻസ് ഇല്ലായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായെന്ന് മുക്കം പൊലീസ് അറിയിച്ചു.