ലഹോർ : അറസ്റ്റ് വാറന്റുമായി ലഹോറിലെ വസതിയിൽ എത്തിയ ഇസ്‌ലാമാബാദ് പൊലീസിനു പിടികൊടുക്കാതെ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പൊലീസ് മടങ്ങിയതിനുശേഷം വീട്ടിനുള്ളിൽനിന്ന് ഖാൻ അനുയായികളെ അഭിസംബോധന ചെയ്യുകയും ചെയ്തു.
ഇസ‌്‌ലാമാബാദ് കോടതിയുടെ വാറന്റിൽ ‘അറസ്റ്റ്’ പരാമർശമില്ലെന്നും തോഷഖാന കേസിൽ നാളെ കോടതിയിൽ ഹാജരാകാനാകാനാണു നിർദേശമെന്നും ഇമ്രാന്റെ പാർട്ടിയായ പിടിഐ (പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ്) ഉപാധ്യക്ഷനും മുൻ വിദേശകാര്യമന്ത്രിയുമായ ഷാ മഹമൂദ് ഖുറേഷി പറഞ്ഞു. നാളെ കോടതിയിൽ ഹാജരാകുമെന്ന അഭിഭാഷകരുടെ ഉറപ്പിനെത്തുടർന്നാണു പൊലീസ് മടങ്ങിയത്.
കഴിഞ്ഞയാഴ്ച ഇമ്രാൻ ഖാനെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. അതിനിടെ, ഇമ്രാൻ ഖാന്റെ സമൻ പാർക്ക് വസതിയിലേക്കുള്ള പ്രധാനപാത ലഹോർ പൊലീസ് അടച്ചു. പൊലീസ് അദ്ദേഹത്തിന്റെ വസതിയിൽ പരിശോധന നടത്തുമെന്ന് അഭ്യൂഹം പരന്നതോടെ പിടിഐ പ്രവർത്തകർ പ്രദേശത്തു തടിച്ചുകൂടി. എന്തുവന്നാലും അറസ്റ്റ് തടയുമെന്നാണു പ്രവർത്തകരുടെ നിലപാട്. തനിക്കെതിരെ 74 വ്യാജ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംരക്ഷിക്കേണ്ടവരിൽ നിന്നു തന്നെ ഭീഷണി നേരിടുകയാണെന്നും ചൂണ്ടിക്കാണിച്ച് ചീഫ് ജസ്റ്റിസിന് കത്തെഴുതുമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു.
തോഷഖാന കേസ്
പ്രധാനമന്ത്രിയായിരിക്കെ വിദേശ രാഷ്ട്രത്തലവന്മാരും നയതന്ത്രജ്ഞരും നൽകിയ വിലപിടിപ്പുള്ള സമ്മാനങ്ങൾ മറിച്ചുവിൽക്കുകയും ഇതിന്റെ ശരിയായ കണക്കുകൾ വെളിപ്പെടുത്താതെ നികുതി വെട്ടിക്കുകയും ചെയ്തെന്ന കേസാണിത്. പാക്ക് സർക്കാർ ഉദ്യോഗസ്ഥർക്കു വിദേശത്തുനിന്നു ലഭിക്കുന്ന സമ്മാനങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പാണു തോഷഖാന.