തിരുവനന്തപുരം : ആരോഗ്യമന്ത്രിയുടെ ഓഫീസിനെ കോഴ ആരോപണത്തിന്റെ നിഴലിൽ നിർത്തിയ കേസിലെ മുഖ്യപ്രതി കെപി ബാസിത്തിനെ ഇന്ന് ചോദ്യം ചെയ്യും. കെപി ബാസിത്തിനെ തിരുവനന്തപുരത്ത് എത്തിച്ചു. പുലർച്ചെ 5:30തോടെയാണ് ബാസിത്തിനെ കൻ്റോൺമെൻ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം മഞ്ചേരിയിൽ നിന്നാണ് ബാസിതിനെ കസ്റ്റഡിയിലെടുത്തത്. കൂടാതെ ഹരിദാസൻ്റെ രഹസ്യമെഴിയും ഇന്ന് രേഖപ്പെടുത്തും. ഡോക്ടർ നിയമനത്തിനായി ഒരു ലക്ഷം രൂപ കോഴ വാങ്ങിയത് ബാസിത്താണെന്ന് ഹരിദാസന്‍ മൊഴി നല്‍കിയിരുന്നു. മന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചത് ബാസിത്ത് ഭീഷണിപ്പെടുത്തിയത് കൊണ്ടാണെന്നും ഹരിദാസന്റെ മൊഴിയിലുണ്ട്. എന്നാൽ മന്ത്രിയുടെ പിഎക്കെതിരെ ആരോപണം ഉന്നയിക്കാൻ ബാസിത്ത് എന്തിന് ഭീഷണിപ്പെടുത്തിയെന്നാണ് പോലിസിന്റെ അന്വേഷണം.
കോഴ നൽകിയതിലും ഗൂഢാലോചനയിലും ഹരിദാസന്റെ പങ്ക് പോലീസ് തള്ളുന്നില്ല. ഹരിദാസനെ കൊണ്ട് കോടതിയിൽ മൊഴി നൽകിയ ശേഷമായിരിക്കും പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. കേസിലെ മറ്റൊരു പ്രതി റഹീസിന്റെ ചോദ്യം ചെയ്യലും പുരോഗമിക്കുകയാണ്. ആരോഗ്യ മന്ത്രിയുടെ പിഎ അഖിൽ മാത്യുവിന്റെ പേര് പറഞ്ഞാൽ അന്വേഷണമുണ്ടാകില്ലെന്ന് ബാസിത്ത് പറഞ്ഞുവെന്നാണ് ഹരിദാസൻ മൊഴി നൽകിയത്. മരുമകൾക്കായി അപേക്ഷ നൽകിയപ്പോൾ തന്നെ ബാസിത്തിനോട് പറഞ്ഞിരുന്നു. ഒരു ലക്ഷം രൂപ ബാസിത്തിന് നൽകി.
സെക്രട്ടേറിയേറ്റിൽ വച്ച് താൻ ആർക്കും പണം നൽകിയിരുന്നില്ല. മന്ത്രിയുടെ പിഎക്കെതിരെ ആരോപണം ഉന്നയിച്ചാൽ അന്വേഷണമുണ്ടാകില്ലെന്ന് ബാസിത്ത് പറഞ്ഞു. മന്ത്രിയുടെ ഓഫീസിൽ ലിസ്റ്റുണ്ടെന്ന് പറഞ്ഞാണ് തന്നെ ബാസിത്ത് സെക്രട്ടേറിയേറ്റിലേക്ക് കൊണ്ടുവന്നത്. പിന്നീട് മന്ത്രി ഓഫീസിൽ പ്രവേശനം ഇല്ലെന്ന് പറഞ്ഞ് മടക്കി കൊണ്ടുപോയി. തനിക്കെതിരായ ഭൂമി കേസിൽ സഹായിക്കാമെന്ന് പറഞ്ഞാണ് ബാസിത് സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നും ഹരിദാസൻ പോലീസിനോട് പറഞ്ഞിരുന്നു.