ഹൈദരാബാദ്: ഹൈദരാബാദ് കൂട്ട ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രായപൂർത്തിയാകാത്ത അഞ്ച് പേർ ഉൾപ്പെടെ ആറ് പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയത്. കേസിൽ അതിവേഗ വിചാരണ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്ത പ്രതികളെ മുതിർന്നവരായി പരിഗണിച്ച് വിചാരണ നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 28ന് ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. മെയ് 31നാണ് പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്തത്.
350 പേജുകളുള്ള കുറ്റപത്രം രണ്ട് കോടതികളിലും സമർപ്പിച്ചിട്ടുണ്ട്. ജുവനൈൽ കോടതിയിലും നാമ്പള്ളി കോടതിയിലും. അഞ്ച് പ്രതികൾ പ്രായപൂർത്തിയാകാത്തവർ ആയതിനാലാണ് ജുവനൈൽ കോടതിയിലും വിചാരണ നടക്കുന്നത്. 65 സാക്ഷി മൊഴികളാണ് കേസിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കേസിലെ പ്രായപൂർത്തിയാകാത്ത പ്രതികളിലൊരാൾ അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ ഒൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (AIMIM) എംഎൽഎയുടെ മകനാണ്.