ആലപ്പുഴ: മദ്യലഹരിയിൽ ആലപ്പുഴയിലെ ഹോട്ടൽ തല്ലിത്തകര്‍ത്ത്, ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത സിവിൽ പൊലീസ് ഓഫീസര്‍ കെഎഫ് ജോസഫിനെ സര്‍വീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. വധശ്രമത്തിന് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. കോട്ടയം എസ്‌പിയാണ് ജോസഫിനെ സര്‍വീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച മകന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിന്റെ മനോവിഷമത്തിലാണ് ഹോട്ടല് ആക്രമിച്ചതെന്നും മദ്യപിച്ചതോടെ തന്‍റെ മനോനില തെറ്റിയെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ വൈകിട്ട് നാലരക്കാണ് ആലപ്പുഴ കളര്‍കോട്ടെ അഹ്‌ലാന് ഹോട്ടലിൽ വടിവാളുമായെത്തി കെഎഫ് ജോസഫ് അക്രമം അഴിച്ചുവിട്ടത്. ചങ്ങനാശ്ശേരി ട്രാഫിക് സ്റ്റേഷനിലെ ജോലി കഴിഞ്ഞ് ആലപ്പുഴയിലെ ബാറിലെത്തി മദ്യപിച്ച ശേഷമാണ് ഇയാൾ ഹോട്ടലിലെത്തിയത്. ജീവനക്കാരെ ആക്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. രാവിലെ ഫോറൻസിക് വിദഗ്ദര്‍ അടക്കമുള്ളവര്‍ ഹോട്ടലിലെത്തി തെളിവുകൾ ശേഖരിച്ചു. ഉച്ചയോടെ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെത്തിച്ച് ജോസഫിന്റെ വിരലടയാളം ശേഖരിച്ചു. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയും നടത്തി.
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് മകന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്നും അതിനാലാണ് ആക്രമണം നടത്തിയതെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. വൈകിട്ടോടെ ജോസഫിനെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു. പൊലീസ് സേനക്ക് തന്നെ നാണക്കേടായ വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കാനുള്ള തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ജോസഫിനെ സസ്പെന്റ് ചെയ്തത്. വധശ്രമം അടക്കം വകുപ്പുകൾ ചുമത്തിയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.