ലഖ്നൗ: അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ 18, 19 വയസ്സുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് കോൺസ്റ്റബിൾമാരെ ഹർദോയ് പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതിയായ സബ് ഇൻസ്പെക്ടർ ഇപ്പോഴും ഒളിവിലാണ്. കസിൻ സഹോദരിമാരായ പെൺകുട്ടികളാണ് ബലാത്സംഗത്തിന് ഇരയായത്. കേസിൽ പൊലീസ് നിഷ്‌ക്രിയമാണെന്ന് ആരോപിച്ച് അതിജീവിതകളായ പെൺകുട്ടികൾ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടികളുടെ പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കാനും കോടതിയെ അറിയിക്കാനും പൊലീസിന് നിർദ്ദേശം നൽകി.
മനോജ് സിംഗ്, ഹിമാൻഷു സിംഗ് എന്നിവരാണ് അറസ്റ്റിലായ പൊലീസുകാർ. എസ്‌ഐ സഞ്ജയ് സിംഗ് ഒളിവിലാണ്. കോടതിയുടെ നിർദ്ദേശപ്രകാരം ഓഗസ്റ്റ് 21 ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഹർദോയ് പൊലീസ് സൂപ്രണ്ട് രാജേഷ് ദ്വിവേദിപറഞ്ഞു. കേസ് അന്വേഷിക്കാൻ എസ്ഐടി രൂപീകരിച്ചു. കേസ് ഇപ്പോഴും അന്വേഷണ ഘട്ടത്തിലാണെന്നും എസ്‌ഐയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇയാളെ എത്രയും വേഗം പിടികൂടാൻ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ദ്വിവേദി പറഞ്ഞു. 2022 ഏപ്രിൽ 14 നാണ് കേസിനാസ്പദമായ സംഭവം. പൊലീസുകാർ പെൺകുട്ടികൾ ജോലി ചെയ്യുന്ന റോഡരികിലെ ഭക്ഷണശാലയിലേക്ക് എത്തിയെന്നും അവിടെ വച്ച് ബലാത്സംഗം ചെയ്തെന്നും പെൺകുട്ടികളുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.
ഉടൻ പൊലീസിൽ പരാതിപ്പെട്ടെങ്കിലും പൊലീസ് കേസെടുത്തില്ല. ഞങ്ങൾ അന്നത്തെ ഹർദോയ് എസ്പിയെയും കണ്ടു. അദ്ദേഹവും പരാതി കേട്ടില്ല. അതിനുശേഷമാണ് കോടതിയിൽ ഹർജി നൽകിയതെന്നും ഇവർ പറഞ്ഞു. പിന്നീട് ഓഗസ്റ്റിൽ എഫ്‌ഐആറിനും നടപടിക്കും കോടതി ഉത്തരവിട്ടെങ്കിലും കുറ്റാരോപിതരായ പൊലീസുകാരെ അറസ്റ്റ് ചെയ്തില്ല. തുടർന്ന് നവംബർ 3 ന് പൊലീസ് റിപ്പോർട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. കുറ്റാരോപിതരായ ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉറപ്പാക്കാനും നടപടിയെ കുറിച്ച് അറിയിക്കാനും കോടതി എസ്പിക്ക് നിർദേശം നൽകിയെന്നും ഇവർ പറഞ്ഞു. നവംബർ 15 ന് വീണ്ടും ഹൈക്കോടതിയെ സമീപിച്ചതിന് ശേഷമാണ് രണ്ട് കോൺസ്റ്റബിൾമാരെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. അതേസമയം, എസ്ഐ ഇപ്പോഴും ഒളിവിലാണ്.