ചെന്നൈ∙ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന രണ്ടു സിഐഎസ്എഫ് ജവാന്മാർ 24 മണിക്കൂറിനുള്ളിൽ ജീവനൊടുക്കിയതിനു പിന്നാലെ മറ്റൊരു ആത്മഹത്യ കൂടി. മരിച്ച സിഐഎസ്എഫ് ജവന്മാരിൽ ഒരാളായ ബിഹാർ സ്വദേശി വികാസ് സിങ്ങിന്റെ (33) ഭാര്യ പ്രിയ സിങ് (27) ആണ് ജീവനൊടുക്കിയത്. ഇതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ ശ്രീഹരിക്കോട്ടയിൽ ആത്മഹത്യ ചെയ്തവർ മൂന്നായി. ഛത്തീസ്ഗഡ് സ്വദേശിയായ സിഐഎസ്എഫ് ജവാൻ ചിന്താണി (29) ആണ് ജീവനൊടുക്കിയ മറ്റൊരാൾ.
പൊലീസ് പറയുന്നതനുസരിച്ച്, ഭർത്താവ് വികാസ് സിങ്ങിന്റെ മരണമറിഞ്ഞതിനു പിന്നാലെ ഇന്നലെയാണ് പ്രിയ സിങ് ശ്രീഹരിക്കോട്ടയിലെത്തിയത്. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയതിനു ശേഷം നർമദ ഗസ്റ്റ് ഹൗസിലായിരുന്നു താമസം. ഇന്നു രാവിലെ പ്രിയയെ മുറിയിലെ ഫാനിൽ തുങ്ങിച്ച മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സുല്ലൂർപേട്ട ആശുപത്രിയിലേക്ക് മാറ്റി. വികാസ് സിങ്ങിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇതേ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുക്കും.
തിങ്കളാഴ്ച രാത്രിയാണ് സബ് ഇൻസ്‌പെക്ടർ വികാസ് സിങ് സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചത്. സ്പേസ് സെന്ററിലെ ഗേറ്റ് ഒന്നിൽ ഡ്യൂട്ടിയിലായിരുന്നു വികാസ്. ഞായറാഴ്ച രാത്രിയാണ് സിഐഎസ്എഫ് കോണ്‍സ്റ്റബിളായ ചിന്താമണി(29)യെ സീറോപോയിന്റ് റഡാര്‍ സെന്ററിന് സമീപത്തെ വനമേഖലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നാണ് ഇരുവരുടെയും ആത്മഹത്യയെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ മുതിർന്ന ഉദ്യോഗസ്ഥരുടെ പീഡനമാണ് കാരണമെന്ന ആരോപണവും ശക്തമാണ്. പൊലീസ് സിഐഎസ്എഫും പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)