മുംബൈ : രാഷ്ട്രീയ നാടകങ്ങൾ തുടരുന്ന മഹാരാഷ്ട്രയിൽ ഇടഞ്ഞ് നിൽക്കുന്ന വിമതർക്കെതിരായ നിയമപരമായ നടപടികൾ ഇന്നുണ്ടായേക്കും. 16 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ശിവസേന ഓദ്യോഗിക വിഭാഗത്തിന്‍റെ ശുപാർശയിൽ ഡെപ്യൂട്ടി സ്പീക്കർ ഇന്ന് നോട്ടീയക്കും. ഇതിന് ലഭിക്കുന്ന മറുപടി അനുസരിച്ചായിരിക്കും കൂറ് മാറ്റ നിരോധന നിയമപ്രകാരം നടപടിയുണ്ടാവുക.
അതേസമയം ഡെപ്യൂട്ടി സ്പീക്കറെ മാറ്റണമെന്ന ആവശ്യവുമായി വിമത എംഎൽഎമാർ പ്രമേയം പാസാക്കി. 46 പേരാണ് പ്രമേയത്തിൽ ഒപ്പ് വച്ചത്. ഭരണ പ്രതിസന്ധിക്കിടെ ശിവസേനയുടെ ദേശീയ എക്സിക്യൂട്ടീവ് ഇന്ന് ചേരും. ഒരു മണിക്ക് മുംബൈയിൽ നടക്കുന്ന യോഗത്തിൽ ഉദ്ധവ് താക്കറെ ഓൺലൈനായി പങ്കെടുക്കും. സേനാ പ്രവർത്തകർ അക്രമം അഴിച്ച് വിട്ടേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്ന് പൊലീസ് സ്റ്റേഷനുകളിൽ അതിജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ കുർളയിൽ വിമത എംഎൽഎയുടെ ഓഫീസിന് നേരെ ആക്രമണമുണ്ടായിരുന്നു.