തലമുറമാറ്റത്തിനൊരുങ്ങി നിൽക്കുന്ന തമിഴ്‍നാട് രാഷ്ട്രീയത്തിൽ ചലച്ചിത്ര നടൻ വിജയ് പുതിയ രാഷ്‍ട്രീയ പാര്‍ട്ടിയുമായി എത്തുമ്പോള്‍ നേരിടേണ്ടത് കടുത്ത വെല്ലുവിളികള്‍. രാഷ്‍ട്രീയ പാര്‍ട്ടി രൂപീകരിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രി ആകുക എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കുക ഒട്ടും എളുപ്പമാകില്ല. ഉചിതമായ സമയത്തിനായുള്ള കാത്തിരിപ്പ് വിജയ് അവസാനിപ്പിക്കുമ്പോള്‍ തലമുറ മാറ്റത്തിന്റെ പടിവാതിലിലാണ് തമിഴക രാഷ്‍ട്രീയം. തമിഴ് രാഷ്‍ട്രീയത്തിന്റെ പുത്തൻ തലമുറയില്‍ ആരാകും വാഴുക എന്നത് കാത്തിരുന്ന് കാണേണ്ട ഒന്നാണ്.
ഡിഎംകെയുടെ പ്രത്യയശാസ്ത്രം എവിടെയും ധൈര്യത്തോടെ പറയുന്ന ഉദയനിധി സ്റ്റാലിനും വലിയ പദവികളിലെത്തുമെന്ന് ബിജെപി നേതാക്കൾ വിശേഷിപ്പിക്കുന്ന കെ അണ്ണാമലൈക്കുമൊപ്പം യുവവോട്ടർമാരിൽ കണ്ണുവയ്ക്കുകയാണ് വിജയ്‍യും. മുഖ്യമന്ത്രിയാകാനാവശ്യമായ 40 ശതമാനം വോട്ടുകൾ ഇതില്‍ കണ്ടെത്തുകയെന്നത് ദളപതി വിജയ്‍ക്ക് മുന്നിലെ വെല്ലുവിളിയാകും. വിജയ്‍യുടെ നീക്കത്തിന്റെ സൂചനകള്‍ വരും ദിവസങ്ങളിലാണ് വ്യക്തമാകുക. ആരാധക പിന്തുണ വോട്ടാക്കി മാറ്റാൻ തന്നെയാണ് വിജയ് ലക്ഷ്യമിടുന്നത്.
നടൻ വിജയകാന്ത് സ്ഥാപിച്ച ഡിഎംഡികെ ആദ്യ തെരഞ്ഞെടുപ്പിൽ 234 മണ്ഡലത്തിലും മത്സരിച്ചപ്പോൾ നേടിയത് 8.38 ശതമാനം വോട്ടുകളാണ്. മക്കൾ നീതിമയ്യത്തിലൂടെ തമിഴ് രാഷ്ട്രീയത്തില്‍ ചലച്ചിത്ര നടൻ കമല്‍ഹാസൻ അരങ്ങേറിയപ്പോള്‍ പാര്‍ട്ടിക്ക് കിട്ടിയത് 2.62 ശതമാനം വോട്ടും. വിജയകന്തിനു വിരുദാചലത്ത് വിജയിക്കാനായി. കോയമ്പത്തൂർ കടമ്പയിൽ കമൽഹാസൻ വീണു.
പന്ത്രണ്ട് ശതമാനം മുതൽ 15 വരെ വോട്ടുകൾ ഒറ്റയ്ക്ക് മത്സരിച്ചാൽ വിജയ്‍യുടെ പാർട്ടിക്ക് പരമാവധി നേടിയെക്കാനാകുമെന്നാണ് ഡിഎംകെ, ബിജെപി നേതാക്കൾ അടക്കം പറയുന്നത്. നിലവിലെ രാഷ്ട്രീയ വ്യവസ്ഥയിൽ അവിശ്വാസമുള്ളതിനാല്‍ ആദ്യ അങ്കത്തിൽ വിജയ് ഒരു മുഖ്യധാര പാർട്ടിയുടെ നിഴലിലൊതുങ്ങാനും സാധ്യതയില്ല. അതായത് ഡിഎംകെ, എഐഎഡിഎംകെ, ബിജെപി തുടങ്ങിയ കക്ഷികൾ നേതൃത്വപദവിയിലുള്ള മൂന്ന് മുന്നണികൾ 2026ൽ പ്രതീക്ഷിക്കാം. മുഖ്യമന്ത്രി കസേര ലക്ഷ്യം എന്ന് ചലച്ചിത്ര നടൻ വിജയും പ്രഖ്യാപിക്കുമ്പോൾ 2026ൽ തമിഴ്‍നാട്ടിൽ ചതുഷ്കോണ പോരാട്ടത്തിന് കൂടിയാണ് കളമൊരുങ്ങുന്നത്.