കണ്ണൂർ > ‘വീട്ടിലെ വോട്ടി’ൽ ആൾമാറാട്ടം നടത്തി വോട്ട് ചെയ്യിച്ച പോളിങ്ങ് ഓഫീസർക്കും ബിഎൽഒയ്ക്കും സസ്പെൻഷൻ. കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ 70 -ാം നമ്പര്‍ ബൂത്തിലെ കീഴ്ത്തള്ളി ബി കെ പി അപ്പാർട്ടുമെൻ്റിലെ എൺപത്താറുകാരിയായ കെ കമലാക്ഷിയുടെ വോട്ടാണ് ആൾമാറാട്ടം നടത്തി താഴെ ചൊവ്വ ബണ്ടു പാലം കൃഷ്‌ണ കൃപയിൽ വി കമലാക്ഷിയെ കൊണ്ട് ചെയ്യിച്ചത്. പോളിങ്ങ് ഓഫീസർ ജോസ്‌ന ജോസഫ്, ബിഎൽഒ കെ ഗീത എന്നിവരെയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്‌ടര്‍ അരുണ്‍ കെ വിജയന്‍ സസ്‌പെൻഡ് ചെയ്‌തത്.
നിയമസഭാ മണ്ഡലം അസി. റിട്ടേണിങ്ങ് ഓഫീസര്‍ ടൗണ്‍ പൊലീസ് സ്‌റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതിയും നല്‍കി. വിശദമായ അന്വേഷണത്തിന് അസി. കലക്‌ടര്‍ അനൂപ് ഗാര്‍ഗ്, ജില്ലാ ലോ ഓഫീസര്‍ എ രാജ്, അസി. റിട്ടേണിങ്ങ് ഓഫീസര്‍ ഡെപ്യൂട്ടി കലക്‌ടര്‍ (ആര്‍ ആര്‍) ആര്‍ ശ്രീലത എന്നിവരെ ചുമതലപ്പെടുത്തിയതായും കലക്‌ടര്‍ അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
ചെയ്‌ത വോട്ടിന്റെ സാധുത സംബന്ധിച്ചും തുടര്‍ നടപടികളെക്കുറിച്ചും കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ട്. കണ്ണൂർ നിയോജക മണ്ഡലത്തിലെ എഴുപതാം നമ്പർ ബൂത്തിലെ കോൺഗ്രസുകാരിയും അങ്കണവാടി ടീച്ചറുമായ കെ ഗീത ആളുമാറ്റി വോട്ട് ചെയ്യിപ്പിച്ചെന്നാണ് പരാതി.