തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റും ഒന്നാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org എന്ന വെബ് പോർട്ടലിൽ ആപ്ലിക്കേഷൻ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനനതീയതിയും നൽകി ‘ചെക്ക് യുവർ അലോട്ട്മെന്റ്, ചെക്ക് യുവർ റാങ്ക്’ എന്നീ ലിങ്കുകൾ വഴി നിലവിൽ ലഭിച്ച അലോട്ട്‌മെന്റും അന്തിമ റാങ്കും പരിശോധിക്കാം.
ആദ്യ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്ന അപേക്ഷകർ അവർക്ക് അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ ആപ്ലിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ചു അഡ്മിഷൻ നേടണം. അപ്രകാരം ചെയ്യാത്ത അപേക്ഷകരുടെ അലോട്ട്‌മെന്റ് റദ്ദാകുന്നതും തുടർന്നുള്ള അലോട്ടുമെന്റുകളിൽ നിന്നും ഒഴിവാക്കുന്നതുമാണ്.
നിലവിൽ ലഭിച്ച അലോട്ട്‌മെന്റിൽ തൃപ്തരായ അപേക്ഷകർക്ക് അത് ഒന്നാമത്തെ ഓപ്ഷൻ അല്ലെങ്കിലും ആപ്ലിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി അലോട്ട്‌മെന്റ് ലഭിച്ച കോളജിൽ ഹാജരായി ഫീസ് അടച്ചു സ്ഥിര അഡ്മിഷൻ നേടാം.
ഇപ്പോൾ ലഭിച്ച അലോട്ട്‌മെന്റ് നിലനിർത്തുകയും എന്നാൽ ഉയർന്ന ഓപ്ഷനുകളിലേക്കു് മാറാൻ ആഗ്രഹിക്കുന്നതുമായ അപേക്ഷകർ ഏറ്റവുമടുത്തുള്ള സർക്കാർ /എയ്ഡഡ് /ഐ.എച്ച്.ആർ.ഡി/കേപ്പ് പോളിടെക്നിക്കുകളിലേതെങ്കിലും അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി വെരിഫിക്കേഷൻ നടത്തി (സർട്ടിഫിക്കറ്റുകൾ തിരികെ നൽകും) രജിസ്റ്റർ ചെയ്യണം. അങ്ങനെയുള്ള അപേക്ഷകർ രണ്ടാമത്തെ അലോട്ട്‌മെന്റിൽ അഡ്മിഷൻ എടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം അലോട്ട്‌മെന്റ് റദ്ദാകും.
ഇപ്പോൾ ലഭിച്ച അലോട്ട്‌മെൻറ്റിൽ താല്പര്യമില്ലാത്തവരും ഉയർന്ന ഓപ്ഷൻ മാത്രം പരിഗണിക്കുന്നവരും നിലവിൽ ഒന്നും ചെയ്യേണ്ടതില്ല. അവർക്ക് നിലവിൽ ലഭിച്ച അലോട്ട്‌മെന്റ് നഷ്ടപ്പെടും. അലോട്ട്‌മെന്റ് ലഭിച്ചവർക്ക് അവരുടെ നിലവിലെ ഓപ്ഷനുകൾ പുനക്രമീകരണം ചെയ്യുന്നതിനോ, ഒഴിവാക്കുന്നതിനോ അഡ്മിഷൻ പോർട്ടലിലെ പാർഷ്വൽ കാൻസലേഷൻ, റീ അറേഞ്ച്മെന്റ് ഓഫ് ഓപ്ഷൻസ് എന്ന ലിങ്ക് വഴി സാധിക്കും.
അഡ്മിഷൻ എടുക്കാനോ രജിസ്റ്റർ ചെയ്യാനോ താല്പര്യമുള്ളവർ ജൂലൈ നാലിന് വൈകീട്ട് നാലിന് മുമ്പ് ഇത് പൂർത്തീകരിക്കണം. അലോട്ട്‌മെന്റ് ലഭിച്ചവർക്ക് അവരുടെ ഉയർന്ന ഓപ്ഷനുകൾ ഓൺലൈനായി പുനഃക്രമീകരണം നടത്താം.