പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ പൂജ നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ നേരത്തെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. പത്തനംതിട്ട ഗവി സ്വദേശി ഈശ്വരനാണ് ഇന്ന് പിടിയിലായത്. പൊന്നമ്പലമേട്ടിലേക്ക് ആളുകളെ കയറ്റിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ഇയാൾക്ക് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എന്നാൽ ഇയാൾ പൊന്നമ്പലമേട്ടിലേക്ക് പോയിരുന്നില്ല.
തമിഴ്നാട്ടിൽ നിന്നുള്ളവരാണ് ഈ മാസം എട്ടിന് പൊന്നമ്പലമേട്ടിലെത്തി പൂജ നടത്തിയത്. തമിഴ്നാട്ടിൽ നിന്നും വള്ളക്കടവ് വരെ ജീപ്പിലും അവിടെ നിന്ന് കെഎസ്ആർടിസി ബസിലും യാത്ര ചെയ്താണ് സംഘം പൊന്നമ്പലമേട്ടിലെത്തിയത്. ഇവർ തന്നെ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പുറത്ത് വന്നതോടെയാണ് കേരള വനം വകുപ്പ് അന്വേഷണം ആരംഭിച്ചത്. ദേവസ്വം അധികൃതർ പരാതി നൽകിയതോടെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തമിഴ്നാട് സ്വദേശി നാരായണൻ അടക്കം ഒൻപത് പേർക്കെതിരെയാണ് സംഭവത്തിൽ മൂഴിയാർ പൊലീസ് കേസെടുത്തത്. നാരായണനും സംഘത്തിനും സഹായം ചെയ്ത വനം വികസന കോർപ്പറേഷൻ ജീവനക്കാരായ രാജേന്ദ്രന്‍, സാബു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇടനിലക്കാരൻ ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസവും അറസ്റ്റിലായി. സംഭവത്തില്‍ പൊലീസും വനം വകുപ്പും കേസെടുത്തിട്ടുണ്ട്. പൂജ നടത്തിയ നാരായണൻ ഒളിവിലാണ്.