ഹൈദരാബാദ് : ബുധനാഴ്ച നടന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് നടിയും ചലച്ചിത്ര നിർമ്മാതാവുമായ പൂജാ ഭട്ട്. യാത്രയിൽ പങ്കെടുത്ത താരം, രാഹുൽ ഗാന്ധിക്കൊപ്പം നടന്നു. യാത്രയിൽ പങ്കെടുത്ത ആദ്യ ബോളിവുഡ് സെലിബ്രിറ്റിയാണ് പൂജ ഭട്ട്. നടിയും സംവിധായികയും നിർമ്മാതാവുമായ പൂജ ഭട്ട് സോഷ്യൽ മീഡിയിയൽ സജീവമാണ്. രാഷട്രീയ സാസ്കാരിക വിഷയങ്ങൾ അവർ പ്രതികരിക്കാറുമുണ്ട്. 1989-ൽ പുറത്തിറങ്ങിയ “ഡാഡി” എന്ന ചിത്രത്തിലൂടെയാണ പൂജ ഭട്ട് അഭിനയരംഗത്തേക്ക് കടന്നുവന്നത്.
മുതിർന്ന ചലച്ചിത്ര നിർമ്മാതാവ് മഹേഷ് ഭട്ടിന്റെ മകൾ കൂടിയായ അവർ ദിൽ ഹേ കി മന്താ നഹിൻ, സഡക്”, ഫിർ തേരി കഹാനി യാദ് ആയേ, സർ, സംഖ് തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെ നിരൂപക പ്രശംസ നേടി. അഭിനയത്തിന് പുറമെ സംവിധായികയുടെയും നിർമ്മാതാവിന്റെയും കുപ്പായം അണിഞ്ഞിട്ടുണ്ട് പൂജ ഭട്ട്.
യാത്രയുടെ 56-ാം ദിവസവും രാഹുൽ ഗാന്ധിയും നേതാക്കളും പ്രവർത്തകരും യാത്ര തുടരുകയാണ്. സെപ്റ്റംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ പൂർത്തിയാക്കി കഴിഞ്ഞയാഴ്ച യാത്ര തെലങ്കാനയിലേക്ക് പ്രവേശിച്ചു. യാത്രയുടെ ഏകോപനത്തിനായി തെലങ്കാന സംസ്ഥാന കോൺഗ്രസ് 10 പ്രത്യേക കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം, ആത്മഹത്യ ചെയ്ത ഹൈദരാബാദ് സർവ്വകലാശാല വിദ്യാർത്ഥിയായിരുന്ന രോഹിത്ത വെമുലയുടെ മാതാവ് രാധിക വെമുല ഭാരത് ജോഡോ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുലിന് ഒപ്പം നടന്നിരുന്നു.