തൃശൂർ : പൂരം വെടിക്കെട്ട് പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ചർച്ചനടത്താൻ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളെ ഡൽഹിക്കു കൊണ്ടുപോകുമെന്ന് കേന്ദ്രസഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ്ഗോപി പറഞ്ഞ ഉറപ്പ് നടപ്പായില്ല. ഇക്കഴിഞ്ഞ നാലിനാണ് സുരേഷ്ഗോപി താൻ ദേവസ്വം ഭാരവാഹികളായ രാജേഷിനെയും ഗിരിഷിനെയുംകൊണ്ട് വീണ്ടും ഡൽഹിക്കു പോകുമെന്നും കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും പൂരം വെടിക്കെട്ട് പ്രതിസന്ധി തീർത്ത് പൂരം ഭംഗിയാക്കുമെന്നും മാധ്യമങ്ങളോടു പറഞ്ഞത്. എന്നാൽ ഒരാഴ്ചയാകുമ്പോഴും ഇതുസംബന്ധിച്ച് യാതൊരു അറിയിപ്പും തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നു ദേവസ്വം ഭാരവാഹികൾ പറഞ്ഞു.
ജില്ലാ ഭരണകൂടം അഡ്വക്കറ്റ് ജനറലുമായി വിഷയം ചർച്ചചെയ്യുന്നുണ്ടെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും അതിനുശേഷമായിരിക്കും കോടതിയെ സമീപിക്കുകയെന്നും ഭാരവാഹികൾ പറഞ്ഞു. വെടിക്കോപ്പുകൾ സൂക്ഷിക്കുന്ന മാഗസിനും വെടിക്കെട്ട് നടത്തുന്ന ഫയർലൈനും തമ്മിൽ 200 മീറ്റർ അകലംവേണമെന്ന കേന്ദ്ര എക്സ്പ്ലോസീവ്സ് വകുപ്പിന്റെ പുതിയ നിയമഭേദഗതിയാണ് പൂരം വെടിക്കെട്ടിനു പ്രതിസന്ധിയായിരിക്കുന്നത്. ഈ നിയമത്തിൽ ഭേദഗതിയോ ഇളവോ കിട്ടാനാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ കാണാൻ ദേവസ്വം ഭാരവാഹികളെ ഡൽഹിക്കു കൊണ്ടുപോകുമെന്നു സുരേഷ്ഗോപി പറഞ്ഞിരുന്നത്.