റോം/ജറൂസലം: യേശുക്രിസ്‍തുവിന്റെ ഉയിർത്തെഴുന്നേൽപിന്റെ സ്മരണ പുതുക്കി ലോക ക്രൈസ്തവർ ഈസ്റ്റർ ആഘോഷിച്ചു. ഈസ്റ്റർ ദിനത്തിൽ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന കുർബാനക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകി.
സെൻറ് പീറ്റേഴ്സ് സ്ക്വയറിൽ നൽകിയ ഉർബി എത് ഓർബി (നഗരത്തോടും ലോകത്തോടും) സന്ദേശത്തിൽ ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ സന്ദേശത്തിൽ പറഞ്ഞു. ബന്ദികളാക്കിയ ഇസ്രായേലുകാരെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗസ്സയിൽ മാനുഷിക സഹായം ഉറപ്പാക്കണം. യുദ്ധം എപ്പോഴും പരാജയമാണ്. യുദ്ധഭൂമിയിലെ പുഞ്ചിരിക്കാൻ മറന്ന കുഞ്ഞുങ്ങളുടെ കണ്ണിലെ ദുരിതങ്ങൾ നാം കാണണം. ഈ മരണവും നാശവും എന്തിനുവേണ്ടിയെന്നാണ് അവർ ചോദിക്കുന്നത് -പോപ്പ് പറഞ്ഞു. റഷ്യയും യുക്രെയ്നും തടവുകാരെ കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. ഹെയ്തികളുടെയും റോഹിങ്ക്യരുടെയും ദുരിതങ്ങളും പ്രസംഗത്തിൽ പരാമർശിച്ചു.
മാർപ്പാപ്പയുടെ സന്ദേശം കേൾക്കാൻ പതിനായിരക്കണക്കിനാളുകളാണ് െസന്റ് പീറ്റേഴ്സ് സ്ക്വയറിലെത്തിയത്. ദുഃഖവെള്ളി ദിനത്തിൽ റോമിലെ കൊളോസിയത്തിൽ നടക്കാറുള്ള കുരിശിന്റെ വഴിയിൽനിന്ന് അനാരോഗ്യംമൂലം 87കാരനായ മാർപാപ്പ വിട്ടുനിന്നിരുന്നു.
സാധാരണ, ഈസ്റ്റർ സമയത്ത് നിറഞ്ഞുകവിയുന്ന കിഴക്കൻ ജറൂസലമിലെ ഉയിർത്തെഴുന്നേൽപിന്റെ ദേവാലയം തിരക്കൊഴിഞ്ഞ നിലയിലായിരുന്നു. കുറഞ്ഞ ആളുകളാണ് കുർബാനയിൽ പങ്കെടുക്കാനുണ്ടായിരുന്നത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ക്രൈസ്തവരെ ദേവാലയം സന്ദർശിക്കുന്നതിന് ഇസ്രായേൽ വിലക്കേർപ്പെടുത്തിയിരുന്നു.