കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷിക്കുവാന്‍ കേന്ദ്ര ഏജന്‍സിയായ എസ്.എഫ്.ഐ.ഒ (Serious Fraud Investigation Office) കൊച്ചിയിലെത്തി. ഇതോടെ പ്രതികളുടെമേല്‍ കുരുക്ക് മുറുകും. പോപ്പുലര്‍ ഫിനാന്‍സിലൂടെയും അവരുടെ ഇരുപത്തിരണ്ടിലധികം കടലാസ് കമ്പിനികളിലൂടെയും നിക്ഷേപമായി സ്വരൂപിച്ച കോടിക്കണക്കിന് രൂപ എവിടെപ്പോയി എന്നതാണ് എസ്.എഫ്.ഐ.ഒ അന്വേഷിക്കുന്നത്. ഏതാനും നാളുകള്‍ക്കു മുമ്പ് എസ്.എഫ്.ഐ.ഒ പ്രാഥമിക വിവരശേഖരണത്തിന് കേരളത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് എസ്.എഫ്.ഐ.ഒ ടീം കൊച്ചിയില്‍ എത്തിയത്.
കേന്ദ്ര ഏജന്‍സിയായ എസ്.എഫ്.ഐ.ഒ പോപ്പുലര്‍ തട്ടിപ്പ് കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ (പി.ജി.ഐ.എ) കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഹൈക്കോടതി നല്‍കിയ ഉത്തരവ് പ്രകാരമാണ് എസ്.എഫ്.ഐ.ഒ ഈ കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞദിവസം കൊച്ചിയില്‍ എത്തിയ എസ്.എഫ്.ഐ.ഒ ഉദ്യോഗസ്ഥര്‍ പി.ജി.ഐ.എ ജോയിന്റ് സെക്രട്ടറി ടിജു എബ്രഹാം പാമ്പാടി , പോപ്പുലര്‍ തട്ടിപ്പ് കേസിലെ ആദ്യ പരാതിക്കാരി കോന്നി സ്വദേശി ആനിയമ്മ കോശി എന്നിവരുടെ മൊഴി രേഖപ്പെടുത്തി. എസ്.എഫ്.ഐ.ഒ ഡല്‍ഹി ഓഫീസില്‍ നിന്നും സമന്‍സ് ലഭിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ മൊഴി നല്‍കാന്‍ കൊച്ചിയില്‍ എത്തിയത്. കൂടാതെ പോപ്പുലര്‍ ഫിനാന്‍സിന്റെ വകയാര്‍ കേന്ദ്ര ഓഫീസില്‍ ഉണ്ടായിരുന്ന ചില ജീവനക്കാരെയും ചില സീനിയര്‍ മാനേജര്‍മാരെയും എസ്.എഫ്.ഐ.ഒ ചോദ്യം ചെയ്തു. ഇവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. പോപ്പുലര്‍ ഫിനാന്‍സിലെ ജീവനക്കാരില്‍ പലരും നിരീക്ഷണത്തില്‍ ആണെന്നതിനാല്‍ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ പുറത്തുവിടരുതെന്ന കര്‍ശന നിര്‍ദ്ദേശവും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. അന്വേഷണ പുരോഗതി എസ്.എഫ്.ഐ.ഒ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
സി.ബി.ഐ അന്വേഷണം നടക്കുന്നതിനോടൊപ്പമാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും പോപ്പുലര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്. സി.ബി.ഐ യുടെ അന്വേഷണത്തില്‍ കണ്ടെത്തിയ ചില സുപ്രധാന വിവരങ്ങളും അവര്‍ എസ്.എഫ്.ഐ.ഒ ക്ക് കൈമാറിയിട്ടുണ്ട്. ഇത് അന്വേഷണത്തിന് കൂടുതല്‍ സഹായകരമാകും. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ഫോറന്‍സിക് ഓഡിറ്റ് ആണ് ഇവര്‍ ചെയ്യുന്നത്. നിക്ഷേപമായി ലഭിച്ച പണം എവിടെക്കൊക്കെ എന്ന് പോയി എന്ന് ഇതിലൂടെ കണ്ടുപിടിക്കാന്‍ കഴിയും. 2012 മുതലുള്ള രേഖകളാണ് പരിശോധിക്കുന്നത്. നിക്ഷേപമായി ലഭിച്ച പണം അനധികൃതമായി വകമാറ്റിയിട്ടുണ്ടെങ്കില്‍ ഇതിന് കൂട്ടുനിന്നവര്‍ എല്ലാവരും പിടിക്കപ്പെടുകയും അവരുടെ സ്വത്തുവകകളില്‍ നിന്ന് ഈടാക്കുകയും ചെയ്യും.
പോപ്പുലര്‍ നിക്ഷേപ തട്ടിപ്പില്‍ ഇരയായവര്‍ക്ക് നീതി ലഭിക്കുംവരെ നിയമയുദ്ധവുമായി മുന്നോട്ടു പോകുമെന്ന് പി.ജി.ഐ.എ ജോയിന്റ് സെക്രട്ടറി ടിജു എബ്രഹാം പറഞ്ഞു. തട്ടിപ്പിന് കൂട്ടുനിന്ന ആരെയും രക്ഷപെടാന്‍ അനുവദിക്കില്ലെന്നും അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പണത്തിനു പകരം കടലാസ്സു കൊടുത്ത് നിക്ഷേപകരെ വിഡ്ഢികളാക്കിയവര്‍ ഇന്ന് സുഖജീവിതം നയിക്കുകയാണ്. നാല്‍പ്പതോളം നിക്ഷേപകരുടെ ജീവന്‍ നഷ്ടപ്പെട്ടു. ജീവിക്കാന്‍ വകയില്ലാതെ പലരും അര്‍ദ്ധ പട്ടിണിയിലാണ്. ചികിത്സക്കും മരുന്നു വാങ്ങാനും പണമില്ലാതെ വേദന കടിച്ചമര്‍ത്തി ജീവിക്കുകയാണ് നിക്ഷേപകര്‍. നിരവധി പെണ്‍കുട്ടികളുടെ വിവാഹ സ്വപ്നം തകര്‍ത്തു. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന കുട്ടികള്‍. എല്ലാം നിസ്സഹായതയോടെ നോക്കിക്കാണുന്ന മാതാപിതാക്കള്‍. എന്നാല്‍ പ്രതികളും തട്ടിപ്പിന് കൂട്ടുനിന്ന ചില ജീവനക്കാരും ഇന്ന് സുഖലോലുപതയിലും ആഡംബരത്തിലും ജീവിക്കുകയാണ്.
തട്ടിപ്പിനിരയായ നിക്ഷേപകര്‍ സംഘടിച്ചതിലൂടെ നിയമപോരാട്ടതിന് കൂടുതല്‍ കരുത്തു ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ അഭിഭാഷക കമ്പിനിയായ ന്യൂട്ടന്‍സ് ലോ ആണ് പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ (പി.ജി.ഐ.എ) നുവേണ്ടി കേസ് വാദിക്കുന്നതെന്നും പ്രമാദമായ കേസുകള്‍ നടത്തി വിധി സമ്പാദിച്ചിട്ടുള്ള സുപ്രീംകോടതി അഭിഭാഷകന്‍ മനോജ് വി.ജോര്‍ജ്ജ്, കേരള ഹൈക്കോടതിയിലെ രാജേഷ് കുമാര്‍ ടി.കെ എന്നിവരാണ് നിക്ഷേപകര്‍ക്ക് വേണ്ടി വാദിക്കുന്നതെന്നും നിക്ഷേപകര്‍ക്ക് നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്നും പി.ജി.ഐ.എ ജോയിന്റ് സെക്രട്ടറി ടിജു എബ്രഹാം പാമ്പാടി പറഞ്ഞു.