കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് കമ്പിനിയുടെ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ദാനിയേലിനെതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്ന് എസ്.എഫ്.ഐ.ഒ -യോട് ഹൈക്കോടതി. നടപടി എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് വ്യക്തമാക്കണം, ഇല്ലെങ്കില്‍ എന്താണ് സ്വീകരിക്കുന്ന നടപടിയെന്നും ഫെബ്രുവരി 21 നു മുമ്പ് കോടതിയെ അറിയിക്കണം. പി.ജി.ഐ.എ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം കേന്ദ്ര ഏജന്‍സിയായ എസ്.എഫ്.ഐ.ഒ ക്കുനേരെയുണ്ടായത്.
2014 രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും ലംഘിച്ചുകൊണ്ടാണ് മേരിക്കുട്ടി ദാനിയേല്‍ ഇപ്പോള്‍ വിദേശത്ത് കഴിയുന്നത്. മകള്‍ ഷൈലയും ഭര്‍ത്താവ് വര്‍ഗീസ് പൈനാടനുമാണ് ഓസ്ട്രേലിയയില്‍ ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. റോയിയും കുടുംബവും ഓസ്ട്രേലിയയിലേക്ക് രക്ഷപെടാന്‍ കാത്തിരിക്കെയാണ് തട്ടിപ്പ് വാര്‍ത്ത പുറത്താകുന്നത്. ഇതോടെ എല്ലാ പദ്ധതികളും പൊളിയുകയായിരുന്നു. പോപ്പുലര്‍ നിക്ഷേപകരുടെ സംഘടനയായ പി.ജി.ഐ.എ യാണ് 2014 ലെ കേസും ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് മേരിക്കുട്ടി ദാനിയേല്‍ ഓസ്ട്രേലിയയിലേക്ക് കടന്ന കാര്യവും കോടതിയെ അറിയിച്ചത്.
നാളിതുവരെയുള്ള അന്വേഷണ പുരോഗതി എസ്.എഫ്.ഐ.ഒ ഇന്ന് ഹൈക്കോടതിയെ അറിയിക്കേണ്ടതായിരുന്നു. എന്നാല്‍ ഇന്നും അവധി ചോദിച്ച് അന്വേഷണം നീട്ടിക്കൊണ്ടുപോകുവാനാണ് അവര്‍ തുനിഞ്ഞത്. ഇതിനെതിരെയാണ് കോടതി രൂക്ഷമായി പ്രതികരിച്ചത്. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനുവേണ്ടി ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ അനോജ് വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ എന്നിവര്‍ കോടതിയില്‍ ഹാജരായി.