കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന്റെ ചുരുളുകള്‍ അഴിയുന്നു. അതീവരഹസ്യങ്ങള്‍ അടങ്ങിയ മുദ്രവെച്ച കവര്‍ കേസ് അന്വേഷിച്ച സി.ബി.ഐ കേരളാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പി.ജി.ഐ.എ എന്ന നിക്ഷേപക സംഘടന ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. കേന്ദ്ര എജന്‍സികളായ സി.ബി.ഐ, എസ്.എഫ്.ഐ.ഒ എന്നിവര്‍ പോപ്പുലര്‍ തട്ടിപ്പ് അന്വേഷിച്ചിരുന്നു. എന്നാല്‍ അന്വേഷണ പുരോഗതി എന്തെന്ന് ഇവര്‍ വെളിപ്പെടുത്തിയിരുന്നില്ല.
അന്വേഷണം മന്ദഗതിയില്‍ ആണെന്ന ആരോപണവും നിലനിന്നിരുന്നു. ഇതിനെ തുടര്‍ന്ന് സി.ബി.ഐ, എസ്.എഫ്.ഐ.ഒ എന്നിവരുടെ നാളിതുവരെയുള്ള അന്വേഷണ പുരോഗതി അറിയിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനുവേണ്ടി ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ് വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
നിക്ഷേപകരുടെ നിയമപോരാട്ടം ശക്തമാണ്. പ്രതികളെ ഏതുവിധേനയും കുരുക്കുവാനാണ് നീക്കം. എന്നാല്‍ ഇതിനിടയില്‍ ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി എത്തി കേസ് അന്വേഷണം നീട്ടിക്കൊണ്ടുപോകുവാനും ഒരു ഗൂഡസംഘം പ്രവര്‍ത്തിക്കുന്നുണ്ട്.
കേസുകള്‍ ഒതുക്കി എങ്ങനെയും ഓസ്ട്രേലിയയിലേക്ക് നാടുകടക്കുകയാണ് പ്രതികളുടെ ലക്‌ഷ്യം. നിയമ പോരാട്ടവുമായി മുന്നില്‍ നില്‍ക്കുന്ന സംഘടനയാണ് പി.ജി.ഐ.എ. പോപ്പുലര്‍ പ്രതികള്‍ക്കെതിരെ നിരവധി കേസുകളാണ് ഇവര്‍ ഹൈക്കോടതിയില്‍ നടത്തുന്നത്. ഇന്ന് സി.ബി.ഐ നല്‍കിയ രഹസ്യ രേഖയില്‍ തട്ടിപ്പിന്റെ ചുരുളുകള്‍ അഴിക്കാന്‍ ഉതകുന്ന പല രഹസ്യങ്ങളും കാണുവാന്‍ സാധ്യതയുണ്ട്. നിക്ഷേപമായി ലഭിച്ച കോടികള്‍ എവിടെപ്പോയെന്നും ആരുടെകയ്യില്‍ ഉണ്ടെന്നും തെളിഞ്ഞാല്‍ നിക്ഷേപകര്‍ക്ക് ഏറെ ആശ്വാസമാകും ഈ വിവരങ്ങള്‍. പോപ്പുലര്‍ പ്രതികള്‍ പണം വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ തന്നെ കോടതിയെ അറിയിച്ചിരുന്നു. സി.ബി.ഐയുടെ അന്വേഷണവും ഈ വഴിക്കായിരുന്നു എന്നാണ് സൂചന.