തിരുവനന്തപുരം ∙ പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിൽ ഉണ്ടായ നഷ്ടം ഈടാക്കാൻ ജപ്തി നടപടികൾ നടക്കാതിരുന്നത് ആഭ്യന്തര വകുപ്പ് കലക്ടർമാർക്ക് റിപ്പോർട്ടും അപേക്ഷയും കൈമാറാതിരുന്നതിനാൽ എന്നു സൂചന. ഈ മാസം 15നു മുൻപ് ജപ്തി നടപടിയും തുടർന്ന് ഒരു മാസത്തിനകം റവന്യു റിക്കവറിയും പൂർത്തിയാക്കാമെന്ന് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കഴിഞ്ഞ തവണ കോടതിയിൽ ഹാജരായി ഉറപ്പ് നൽകിയിരുന്നു. ജപ്തി വൈകിപ്പിക്കുന്നതിൽ അതൃപ്തി വ്യക്തമാക്കി ബുധനാഴ്ച ഹൈക്കോടതി സർക്കാരിനു താക്കീതു നൽകിയതോടെ റിപ്പോർട്ട് നൽകാനുള്ള നടപടികൾ ആഭ്യന്തര വകുപ്പ് ആരംഭിച്ചു.
ജപ്തി ചെയ്യാനുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ ജില്ല തിരിച്ചുള്ള റിപ്പോർട്ടും അപേക്ഷയും ആഭ്യന്തരവകുപ്പ് കലക്ടർമാർക്ക് ഓൺലൈനായി കൈമാറുകയാണു ചെയ്യേണ്ടത്. ഇത് ഇന്നലെ വരെ നടന്നിട്ടില്ല. ഇന്നത്തോടെ നടപടികൾ പൂർത്തിയാകും എന്നാണു കരുതുന്നത്. ആഭ്യന്തര വകുപ്പിൽ നിന്ന് അപേക്ഷ ലഭിച്ചാൽ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് കലക്ടർമാരോട് ലാൻഡ് റവന്യു കമ്മിഷണർ രേഖാമൂലം നിർദേശിച്ചിട്ടുണ്ട്.
നാശനഷ്ടങ്ങൾ വരുത്തിയതിനു പരിഹാരമായി 5.20 കോടി രൂപ കെട്ടിവയ്ക്കാൻ കോടതി പോപ്പുലർ ഫ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു പാലിക്കാത്തതിനാലാണു ജപ്തി നടപടി നിർദേശിച്ചതെന്നും അതിനാൽ മുൻകൂർ നോട്ടിസ് വേണ്ട എന്നുമാണു കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയത്. നാശനഷ്ടം വരുത്തിയ വ്യക്തികളുമായോ സംഘടനകളുമായോ ബന്ധപ്പെട്ട വാഹനം, വീട്, മറ്റു സ്ഥാപനങ്ങൾ, ബാങ്ക് അക്കൗണ്ടുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾ, സ്വകാര്യ മേഖലയിൽ നിന്നു ലഭിക്കുന്ന ശമ്പളം ഉൾപ്പെടെ ഉള്ള വരുമാനം തുടങ്ങി ഏതു സ്ഥാവര– ജംഗമ വസ്തുക്കളും ജപ്തി ചെയ്യാൻ നിയമപ്രകാരം കലക്ടർമാർക്ക് അധികാരമുണ്ട്. ആവശ്യമെങ്കിൽ പൊലീസ് സഹായമോ സാന്നിധ്യമോ ഇതിന് കലക്ടർമാർക്ക് തേടാനും കഴിയും.