പൂനെ: എന്‍ഐഎ നടത്തിയ പരിശോധനയെ തുടര്‍ന്നുണ്ടായ അറസ്റ്റുകള്‍ക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് ഉയര്‍ത്തിയ പ്രതിഷേധത്തിനിടെ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ മുദ്രാവാക്യം ഉയര്‍ന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പൂനെയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ പ്രതിഷേധത്തിലാണ് മുദ്രാവാക്യം ഉയര്‍ന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘പാകിസ്ഥാന്‍ സിന്ദാബാദ്’ മുദ്രാവാക്യം ഉയര്‍ത്തിയവര്‍ക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.
ഈ വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. വെള്ളിയാഴ്ച പൂനെയിലെ ജില്ലാ കളക്ടർ ഓഫീസിന് പുറത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സംഘടനയ്‌ക്കെതിരെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളിലും അറസ്റ്റുകളിലും പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. 40 പേരെയാണ് ഇതേത്തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിൽ ഇരുത്തുമ്പോൾ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ മുദ്രാവാക്യം മുഴക്കുന്നതിന്റെ വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്.
പ്രതിഷേധക്കാരുടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ വിഷയം അന്വേഷിക്കുകയാണെന്നാണ് സിറ്റി പൊലീസിന്‍റെ മറുപടിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. നിയമവിരുദ്ധമായി സംഘം ചേർന്നതിന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ ഇതിനകം കേസെടുത്തിട്ടുണ്ടെന്നും മുദ്രാവാക്യങ്ങളുടെ കാര്യം ഞങ്ങൾ പരിശോധിക്കുകയാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ സാഗര്‍ പട്ടീല്‍ പറഞ്ഞു.
അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിനും അനധികൃതമായി സംഘം ചേർന്നതിനും റോഡ് ഉപരോധിച്ചതിനും ബണ്ട്ഗാർഡൻ പൊലീസ് സ്റ്റേഷനില്‍ 60 ലധികം പിഎഫ്ഐ പ്രവര്‍ത്തര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. അതേസമയം, ‘പാകിസ്ഥാന്‍ സിന്ദാബാദ്’ മുദ്രാവാക്യം ഉയര്‍ത്തിയവര്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ബിജെപി ഉയര്‍ത്തിയിട്ടുള്ളത്.
പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തിയവരെ വെറുതെ വിടില്ലെന്ന് ബിജെപി എംഎല്‍എ നിതേഷ് റാണ പറഞ്ഞു. പിഎഫ്ഐയെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റൊരു ബിജെപി എംഎൽഎ രാം സത്പുതേ മുദ്രാവാക്യം വിളിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പൂനെ പൊലീസ് അവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.