തൃശ്ശൂര്‍ : അശ്ലീലചര്‍ച്ചകള്‍ റെക്കോഡ് ചെയ്ത് യൂട്യൂബില്‍ പ്രചരിപ്പിക്കുന്നത് സൈബര്‍ പോലീസിന്റെ ശ്രദ്ധയില്‍. ശ്രവ്യപ്ലാറ്റ്‌ഫോമായ ക്ലബ്ബ് ഹൗസില്‍ നടത്തുന്ന സംഭാഷണങ്ങളാണിവ. ഇത്തരം സംഘങ്ങളുടെ പേരില്‍ കേസൊന്നും എടുത്തിട്ടില്ല. അതിനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. ക്ലബ്ബ് ഹൗസില്‍ ഓപ്പണ്‍ റൂമുകളില്‍ അര്‍ധരാത്രിയോടെ നടക്കുന്ന ഇത്തരം ചര്‍ച്ചകളുടെ മോഡറേറ്റര്‍മാരുടെ പ്രൊഫൈല്‍ ഫോട്ടോകളും വിവരങ്ങളും വ്യാജമായിരിക്കും. ഈ റൂമുകളില്‍ കേള്‍വിക്കാരായി കയറുന്നവരുടെ എണ്ണം നൂറുകണക്കിനാണ്. റൂമുകളില്‍ ഇരിക്കുന്ന ആളുകളുടെ ചിത്രങ്ങളടക്കം സംസാരം റെക്കോഡ് ചെയ്യാന്‍ ക്ലബ്ബ് ഹൗസില്‍ സൗകര്യമുണ്ട്. റൂമുകളില്‍ ജോയിന്‍ ചെയ്യുന്നവരുടെ പ്രൊഫൈല്‍ ഐ.ഡി.കള്‍ ദൃശ്യങ്ങളില്‍ റെക്കോഡ് ചെയ്യുന്നവയില്‍പ്പെടും.
യൂട്യൂബില്‍ ഇട്ട് പണം സമ്പാദിക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. നാലുലക്ഷം പേര്‍വരെ കണ്ട വീഡിയോകള്‍ കൂട്ടത്തിലുണ്ട്. യൂട്യൂബ് ഇത്തരം വീഡിയോകള്‍ക്ക് പണം നല്‍കുന്നില്ല. ക്ലബ്ബ് ഹൗസുകളില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നവരുടെ പ്രൊഫൈലുകള്‍ കമ്പനിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യവും പോലീസിന്റെ പരിഗണനയിലുണ്ട്.