കൊച്ചി∙ സിനിമ അഭിനയമോഹവുമായെത്തിയ വെങ്ങാനൂർ സ്വദേശിയായ യുവാവിനെ കരാറിൽ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതി ഹൈക്കോടതിയിലേക്ക്. ഒടിടി പ്ലാറ്റ്ഫോമിൽ വെബ് സീരീസ് മാതൃകയിലുള്ള ചിത്രം കഴിഞ്ഞ ദിവസം റീലീസ് ചെയ്‌തിരുന്നു. വിഷയത്തിൽ നേരത്തെ തന്നെ പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും തുടർനടപടികളൊന്നും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് യുവാവ് കോടതിയെ സമീപിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വരികയും, അണിയറപ്രവർത്തകർ വ്യാപകമായി പ്രചാരണം നടത്തുകയും ചെയ്‌തതിനു പിന്നാലെയാണ് യുവാവ് തിരുവനന്തപുരം വിഴിഞ്ഞം പൊലീസിനെ സമീപിച്ചത്.
എന്നാൽ ചിത്രം റിലീസ് ചെയ്തതിനുശേഷം മാത്രമാണ് തന്റെ മൊഴിയെടുക്കാൻ പൊലീസ് വിളിപ്പിച്ചതെന്നു യുവാവ് പറയുന്നു. കവടിയാർ സ്വദേശിയായ വെബ് സീരീസ് സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനെതിരെയുമാണ് യുവാവിന്റ പരാതി. സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനെതിരെ വഞ്ചനാ കുറ്റം ചുമത്തി വിഴിഞ്ഞം പൊലീസ് നേരത്തെ തന്നെ കേസെടുത്തിരുന്നു. യുവാവിന്റെ വിശദമൊഴിയെടുത്ത ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം പരിശോധിക്കുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു. യുവാവ് കമ്മിഷണർക്കു നൽകിയ പരാതിയാണ് കേസെടുക്കാൻ നിർദേശിച്ച് വിഴിഞ്ഞം പൊലീസിനു നൽകിയത്.
വെങ്ങാനൂർ സ്വദേശിയായ യുവാവ് പൊലീസിൽ പരാതി നൽകിയതിനു പിന്നാലെ നടിമാർ ഉൾപ്പെടെ കൂടുതൽ പേർ പരാതിയുമായി രംഗത്ത് വന്നിരുന്നു. മലപ്പുറം സ്വദേശിയായ യുവതി സിറ്റി പൊലീസ് കമ്മിഷണർക്കും ആലപ്പുഴ സ്വദേശിയായ യുവതി കോവളം പൊലീസിലും പരാതി നൽകിയിരുന്നു. നടിയുടെ പരാതിയിൽ അന്വേഷണം നടത്താൻ സൈബർ പൊലീസിനു കൈമാറിയതായി സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ പറഞ്ഞു.