മുടിയുടെ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമ്മുക്കറിയാം. മുടികൊഴിച്ചിലും താരനും പലരേയും അലട്ടുന്ന രണ്ട് പ്രധാനപ്പെട്ട പ്രശ്നങ്ങളാണ്. മുടിയുടെ ആരോഗ്യത്തിന് സഹായകമാണ് കഞ്ഞിവെള്ളം. മുടിക്ക് പോഷണവും ഗുണനിലവാരവും നൽകുന്നതിന് കഞ്ഞി വെള്ളം മികച്ചതായി ആയുർവേദത്തിൽ പറയുന്നു. കഞ്ഞി വെള്ളത്തിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ധാതുക്കളും മുടിയ്ക്കും മികച്ച രീതിയിൽ പോഷണം നൽകുന്നു. കേടായ മുടി നന്നാക്കുന്ന ഇനോസിറ്റോൾ എന്ന ഘടകം കഞ്ഞി വെള്ളത്തിൽ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടിയുടെ ബലവും വളർച്ചയും വർദ്ധിപ്പിക്കുകയും മുടിക്ക് തിളക്കവും മിനുസവും നൽകുകയും ചെയ്യുന്ന അമിനോ ആസിഡുകളും കഞ്ഞി വെള്ളത്തിൽ അടങ്ങിയിരിക്കുന്നു.
കഞ്ഞി വെള്ളവും സവാള നീരും ചേർത്ത് തലയിൽ പുരട്ടി മസാജ് ചെയ്യുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും. ഫോളിക് ആസിഡ്, സൾഫർ, വിറ്റാമിൻ സി തുടങ്ങിയ ശക്തമായ മൂലകങ്ങൾ സവാളയിൽ അടങ്ങിയിരിക്കുന്നു. ഇത് മുടി പൊട്ടൽ കുറയ്ക്കുന്നതിനും മുടി കൊഴിയുന്നത് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
തലയിലെ താരൻ, എണ്ണമയം എന്നിവ കുറയ്ക്കുന്നതിന് മികച്ചതാണ് ഓറഞ്ചിന്റെ തൊലി. അൽപം കഞ്ഞി വെള്ളത്തിൽ ഓറഞ്ചിന്റെ തൊലി പൊടിച്ചത് നന്നായി യോജിപ്പിച്ച് മുടിയിൽ തേച്ച് പിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. ഇത് മുടിക്ക് ധാരാളം ഗുണങ്ങളെ നൽകുന്നു, കാരണം ഇതിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ ആൻറി ബാക്ടീരിയൽ, ആന്റിമൈക്രോബയൽ ഗുണങ്ങൾ ഓറഞ്ചിനുണ്ട്. കഞ്ഞി വെള്ളത്തിനൊപ്പം, ഈ മിശ്രിതം ചേർത്ത് ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം വീണ്ടെടുക്കുകയും തിളക്കമുള്ളതും നീളമുള്ളതും കട്ടിയുള്ളതുമായ മുടി വളർച്ചയ്ക്കും സഹായിക്കും.
ഗ്രീൻ ടീയിൽ അൽപം കഞ്ഞി വെള്ളം ചേർത്ത് തലയിൽ തേച്ച് പിടിപ്പിച്ച് മസാജ് ചെയ്യുക. ഇത് ദുർബലവും കേടായതും പെട്ടെന്ന് പൊട്ടുന്നതുമായ മുടിയെ നന്നാക്കാനും ബലപ്പെടുത്താനും സഹായിക്കുന്നു.