കോഴിക്കോട് : നല്ലളം പോലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയ പോക്സോ കേസ് പ്രതി ജിഷ്ണു ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ. ഉയരത്തിൽ നിന്നും വീണതിനെ തുടർന്നുണ്ടായ പരിക്കാണ് മരണ കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വീഴ്ചയിൽ തല കല്ലിൽ ഇടിച്ച് ആഴത്തിലുള്ള മുറിവേറ്റു. വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിൽ തറച്ചതും മരണകാരണമായതായും മെഡിക്കൽ റിപ്പോർട്ട് സൂചിപ്പിക്കുന്നു. എങ്ങനയാണ് ഉയരത്തിൽ നിന്നുള്ള വീഴ്ചയുണ്ടായതെന്ന് വ്യക്തമല്ല. വീടിന് സമീപമുളള മതിലിൽ നിന്ന് പോലീസിനെ കണ്ട് ചാടിയതാകം മരണകാരണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. നിർണായക വിവരങ്ങളടങ്ങിയ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. മരണത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിലാണ് ജില്ലാ ക്രൈം ബ്രാഞ്ച്.
കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ജിഷ്ണുവിനെ രണ്ടാഴ്ച മുമ്പാണ് വീടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൽപറ്റയിലെ പോക്സോ കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിച്ച എത്തിയതിന് പുറകെയാണ് ജിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുബാംഗങ്ങൾ പരാതി നൽകിയിരുന്നു.